കോട്ടക്കല്‍ നഗരസഭക്ക് ‘പുതിയ മുഖം’

Posted on: March 12, 2015 10:45 am | Last updated: March 12, 2015 at 10:45 am
SHARE

കോട്ടക്കല്‍: നഗരസഭ കെട്ടിടവും സി എച്ച് ഓഡിറ്റോറിയവും മുഖം മിനുക്കുന്നു. ലോക ബേങ്കിന്റെ ധന സഹായത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നട ത്തുന്നത്. കാര്യാലയ മുറ്റം, അകം, ഓഡിറ്റോറയത്തിന്റെ ഉള്‍ഭാഗം, മന്‍വശം തുടങ്ങിയവയാണ് നവീന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പണി പൂര്‍ത്തിയാകുന്നതോടെ നഗരസഭ കാര്യാലയത്തിന്റെ മുഖം തന്നെ മാറും. 42 ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിയിരിക്കുന്നത്. സമ്മേളനഹാള്‍, വിശാലമായ ഫ്രണ്ട്‌സ് ഓഫീസ്, ഓഡിറ്റോറിയത്തിന് പുതിയ സ്റ്റേജ്, മുറ്റം ഇന്റര്‍ ലോക്ക് വിരിക്കല്‍ തുടങ്ങിയവയാണ് നടത്തുന്നത്. നഗരസഭ കോണ്‍ഫറന്‍സ് ഹാളിന്റെ മുകള്‍ നിലയിലാണ് വിശാലമായ സമ്മേളന ഹാള്‍ നിര്‍മിക്കുന്നത്. കെട്ടിടത്തിന് മുകളില്‍ ഷീറ്റ് പാകിയാണ് ഇത് നിര്‍മിക്കുക. വലിയ പരിപാടികള്‍ നടത്താന്‍ നഗരസഭ കെട്ടിടത്തില്‍ സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇതിന് പരിഹാരമായാണ് സമ്മേളന ഹാള്‍ ഒരുക്കുന്നത്. നിലവിലെ ഫ്രണ്ട്‌സ് ഓഫീസ് അസൗകര്യങ്ങള്‍ നിറഞ്ഞതാണ്. നിന്ന് തിരയാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ് ഇവിടെ. നഗരസഭ കെട്ടിടത്തിന്റെ മുറ്റമാണ് പുതിയ ഫ്രണ്ട്‌സ് ഓഫീസിനായി സജ്ജീകരിക്കുന്നത്. ഇവിടെ മേല്‍കൂര നിര്‍മിച്ച് ഷീറ്റ് പാകിയാണ് സൗകര്യം ഒരുക്കുന്നത്.
ജനങ്ങള്‍ക്കുള്ള ഇരിപ്പിടവും ഇവിടെ നിര്‍മിക്കും. നിലവിലുള്ള ചുറ്റുമതില്‍ ഉയര്‍ത്തി കെട്ടും. നിലവിലെ കവാടം നീക്കി വലിയ കവാടവും നഗരസഭക്ക് മുമ്പില്‍ നിര്‍മിക്കുന്നുണ്ട്. സി എച്ച് ഓഡിറ്റോറിയത്തിന്റെ ചോര്‍ച്ച തീര്‍ക്കുന്നതാണ് പദ്ധതി. ഇതിനായി മുകളില്‍ ഷീറ്റ് പാകും. നിര്‍മാണം പൂര്‍ത്തിയാക്കി മുഴുവന്‍ ഭാഗങ്ങളിലും ഇന്റീരിയല്‍ ഡിസൈന്‍ നടത്തി ഭംഗി വരുത്തും. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും നവീകരിക്കുന്നുണ്ട്. പുതിയ സ്റ്റേജാണ് ഇനി ഓഡിറ്റോറിയത്തിനുണ്ടാകുക. മുറ്റം ഇന്റര്‍ലോക്ക് ചെയ്ത് കമനീയമാക്കുന്നതോടെ ഓഡിറ്റോറിയത്തിന്റെ മുഖവും മാറും. ഇരു കെട്ടിടത്തിന്റേയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ.് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍പൂര്‍ത്തിയാക്കാനാണ് നീക്കം.