‘സ്പര്‍ശം’ തൊഴില്‍ യൂനിറ്റുകള്‍ക്ക് തുടക്കം

Posted on: March 12, 2015 10:44 am | Last updated: March 12, 2015 at 10:44 am
SHARE

മലപ്പുറം: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ‘സ്പര്‍ശം’ ഉത്പന്നങ്ങള്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഉപയോഗിക്കും. ജില്ലാ ഭരണകൂടവും കേന്ദ്ര മാനവ വിഭവ വികസന ശേഷി മന്ത്രാലയത്തിന് കീഴിലുള്ള ജന്‍ ശിക്ഷന്‍ സന്‍സ്ഥാനും മുഖേന തൊഴില്‍ പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഫയല്‍ പാഡ്, കവര്‍ എന്നിവ ബേങ്കുകള്‍, സ്‌കൂളുകള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ ഓഫീസ് ആവശ്യങ്ങള്‍ക്ക് ഇനി ഉപയോഗിക്കുക ‘സ്പര്‍ശം’ ഉത്പന്നങ്ങളാവും.
ആദ്യഘട്ടമായി നിലമ്പൂര്‍ വടപുറം ബഥാനിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഫയല്‍ പാഡുകളും കവറുകളും ജില്ലാ കലക്ടര്‍ കെ ബിജു വിദ്യാര്‍ഥികളില്‍ നിന്നും ഏറ്റുവാങ്ങി. മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. അവരുടെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ രൂപവത്ക്കരിക്കും. പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ലീഡ് ജില്ലാ മാനേജര്‍ കെ അബ്ദുല്‍ ജബ്ബാര്‍, ജെ എസ് എസ് ഡയറക്ടര്‍ വി ഉമ്മര്‍ കോയ, ജെ എസ് എസ് അസി. പ്രോഗ്രാം ഓഫീസര്‍ സി ദീപ, പരിശീലക മേരി എലിസബത്ത്, സിസ്റ്റര്‍ ജ്യോതിസ്, സിസ്റ്റര്‍ അക്ഷയ എന്നിവര്‍ പങ്കെടുത്തു. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പരിഗണന ലഭ്യമാക്കുന്നതിനാണ് ‘സ്പര്‍ശം’ പദ്ധതിക്ക് തുടക്കമിട്ടത്.
പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ്, അനാഥ-അഗതി മന്ദിരങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവയുമായി ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ലഭിച്ചവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തിന് ജില്ലാ ഭരണകൂടവും ജെ എസ് എസും സഹായം നല്‍കും. ഒരു വര്‍ഷം 500 പേര്‍ക്കെങ്കിലും പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്നുണ്ട്.