ലക്ഷം വീട് കോളനിക്കാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

Posted on: March 12, 2015 10:43 am | Last updated: March 12, 2015 at 10:43 am
SHARE

കാളികാവ്: ചോക്കാട് പന്നിക്കോട്ടുമുണ്ട വാളക്കുളം ലക്ഷം വീട് കോളനിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോളനിക്കാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. 2013 ജൂണ്‍ മാസത്തില്‍ ജില്ലാകലക്ടര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കോളനിക്കാര്‍ക്ക് കുടിവെള്ളം കിട്ടിയിട്ടില്ല.
കോളനിക്കാര്‍ നിരന്തരമായി നടത്തിയ സമരങ്ങളുടേയും പരാതികളുടേയും അടിസ്ഥാനത്തില്‍ സ്ഥലം എം എല്‍ എ യും മന്ത്രിയുമായ എ പി അനില്‍കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കലക്ടര്‍ ഉത്തരവ് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം കോളനിയിലെ നിലവിലുള്ള കിണര്‍ വൃത്തിയാക്കുന്നതിനും പുതിയ കിണര്‍ കുഴിച്ച് വെള്ളം ലഭ്യമാക്കുന്നതിനും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കിണര്‍ കുഴിച്ച് ഏതാനും റിംഗ് ഇറക്കിയെങ്കിലും കോളനിക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. നാല്‍പതിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. നിലവിലുള്ള കിണറില്‍ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിലാണ് കോളനിക്കാര്‍ക്ക് അല്‍പം വെള്ളം ലഭിക്കുന്നത്. ഇത് കോളനിക്കാര്‍ക്ക് ദുരിതമായിട്ടുണ്ട്. അടുത്ത മാസത്തോടെ ഈ വെള്ളവും പൂര്‍ണമായി ലഭിക്കില്ല. ഇതാണ് കോളനിക്കാരെ പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്. കുടിവെള്ളത്തിന്റെ പേരില്‍ പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും കലഹിക്കുന്നതും കോളനിയില്‍ പതിവാണ്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ താമസിക്കുന്ന കോളനിയില്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്.
ബുധനാഴ്ച ജോലിക്ക് പോലും പോകാതെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൈനാട്ടില്‍ അശ്‌റഫ് അടിയന്തരമായി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. ഉപരോധ സമരത്തിന് ഇ പി സദഖത്ത് ഹുസൈന്‍, കെ ടി മജീദ്, കെ ടി മുജീബ്, കെ റശീദ് നേതൃത്വം നല്‍കി.