ബസ് സ്റ്റോപ്പില്‍ വെച്ച് കഞ്ചാവ് കൈമാറുന്നതിനിടെ പിടിയില്‍

Posted on: March 12, 2015 10:40 am | Last updated: March 12, 2015 at 10:40 am
SHARE

കോഴിക്കോട്: കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ യുവാവ് പിടിയില്‍. കാരപ്പറമ്പ് ന്യൂ ഫ്‌ളോറിക്കല്‍ റോഡ് ഷബാനാ മന്‍സിലില്‍ റശീദി (27)നെയാണ് കഴിഞ്ഞ ദിവസം നടക്കാവ് പോലീസ് പിടികൂടിയത്. രാത്രിയില്‍ പെട്രോളിംഗ് നടത്തുന്നതിനെടെയാണ് ഇയാള്‍ പിടിയിലായത്. 25 ഗ്രാം കഞ്ചാവ് പത്ത് പാക്കുകളിലായി അരയില്‍ ഒളിപ്പിച്ച നിലയിലായി പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കരിക്കാംക്കുളം കാലിക്കറ്റ് ബേക്കറിക്ക് സമീപമുള്ള ബസ് സ്റ്റോപ്പില്‍ മറ്റൊരാള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
കാരപ്പറമ്പ്, ഹോമിയോ കോളജ്, കൃഷ്ണന്‍ നായര്‍ റോഡ്, കരിക്കാംകുളം എന്നിവ കേന്ദ്രീകരിച്ച് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്നതായി നേരത്തെ പോലീസിന് പരാതി ലഭിച്ചിരുന്നു. കരിക്കാംകുളം ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ നടക്കാവ് എസ് ഐ ഗോപകുമാറും സംഘവും നിരീക്ഷിച്ചു. തുടര്‍ന്ന് പ്രതി മറ്റൊരാള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെ ഓടിയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജില്ലയില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.