താമരശ്ശേരി താലൂക്കാശുപത്രിക്ക് ഗുണനിലവാരത്തിനുള്ള സര്‍ക്കാര്‍ അംഗീകാരം

Posted on: March 12, 2015 10:02 am | Last updated: March 12, 2015 at 10:02 am
SHARE

താമരശ്ശേരി: സംസ്ഥാനത്ത് ആദ്യമായി താമരശ്ശേരി താലൂക്കാശുപത്രിക്ക് സര്‍ക്കാറിന്റെ ഗുണനിലവാരത്തിനുള്ള അംഗീകാരം. കേരള സര്‍ക്കാറിനുകീഴിലെ അക്രഡിറ്റേഷന്‍ ഫോര്‍ സ്റ്റാന്റേര്‍ഡ് ഹോസ്പിറ്റല്‍ പട്ടികയിലാണ് താമരശ്ശേരി താലൂക്കാശുപത്രി ഇടം നേടിയത്. പരിമിതികള്‍ക്കിടയിലാണ് ഗുണനിലവാരത്തിനുള്ള അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ താലൂക്കാശുപത്രിയെന്ന ബഹുമതി താമരശ്ശേരി താലൂക്കാശുപത്രി സ്വന്തമാക്കിയത്.
ആശുപത്രിയിലെത്തുന്ന രോഗിക്ക് ലഭിക്കുന്ന സേവനം, അവകാശം, അധികാരം എന്നിവ സംരക്ഷിക്കപ്പെടല്‍, രോഗം നിര്‍ണയിക്കാനുള്ള സൗകര്യങ്ങള്‍, ലബോറട്ടറിയുടെ പ്രവര്‍ത്തന ക്ഷമത, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍, അത്യാഹിതങ്ങളില്‍ ഇടപെടാന്‍ ആശുപത്രി ജീവനക്കാര്‍ക്കുള്ള കഴിവ് തുടങ്ങിയ നിരവധി മാനദണ്ഡങ്ങളാണ് അംഗീകാരത്തിനായി അക്രഡിറ്റേഷന്‍ ബോര്‍ഡ് പരിഗണിച്ചത്. ഇവിടുത്തെ ലബോറട്ടറിയിലെ പരിശോധനയും വെല്ലൂരിലെ ലബോറട്ടറിയിലെ പരിശോധയും താരതമ്യം ചെയ്താണ് ലബോറട്ടറിയുടെ ഗുണനിലവാരം വിലയിരുത്തിയത്.
മലയോരത്തെ പത്തോളം പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടി ഒ പി വിഭാഗത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഐ പി യൂനിറ്റും മാതൃശിശു സംരക്ഷണ വിഭാഗവും കാര്യക്ഷമമാണെങ്കിലും ഒ പി വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് രോഗികളെ വലക്കുന്നുണ്ട്. താലൂക്കാശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ് പാറ്റേണാണ് നിലവിലുള്ളത്. അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മാസങ്ങള്‍ക്കകം നിര്‍ത്തലാക്കി. ഗുണനിലവാരത്തിനുള്ള അംഗീകാരത്തോടൊപ്പം ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മലയോരത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമാകും.