ഓപറേഷന്‍ സുരക്ഷ: പിടിയിലായത് 180 പേര്‍

Posted on: March 12, 2015 10:00 am | Last updated: March 12, 2015 at 10:00 am
SHARE

താമരശ്ശേരി: ഗുണ്ടാ സംഘങ്ങളെ തളക്കാനായി ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച ഓപറേഷന്‍ സുരക്ഷയുടെ ഭാഗമായി 15 ദിവസത്തിനകം താമരശ്ശേരി സബ്ഡിവഷനില്‍ പിടിയിലായത് 180 പേര്‍. ഇതില്‍ 75 പേരും താമരശ്ശേരി പോലീസ്റ്റേഷനിലാണ്. വര്‍ഷങ്ങളായി പോലീസിന് പിടികൊടുക്കാത്ത എട്ട് പേര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. സബ്ഡിവിഷനിലെ ഏഴ് പോലീസ് സ്റ്റേഷനുകളിലും പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചാണ് വാറണ്ട് പ്രതികള്‍ക്കായി പരിശോധന നടത്തുന്നത്. മുക്കത്ത് 38 പേരും ബാലുശ്ശേരിയില്‍ 32 പേരും തിരുവമ്പാടിയില്‍ 14 പേരും കൊടുവള്ളി, കോടഞ്ചേരി, കാക്കൂര്‍ സ്റ്റേഷനുകളില്‍ ഏഴുപേര്‍ വീതവുമാണ് പിടിക്കപ്പെട്ടത്. വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും പിടികൊടുക്കാത്തവരെയാണ് ഓപറേഷന്‍ സുരക്ഷയിലൂടെ അഴിക്കുള്ളിലാക്കുന്നത്. ഒരുമാസത്തെ പ്രത്യേക ഓപറേഷന്‍ ഈ മാസം 25 വരെ തുടരും.
പോലീസ് സേനയില്‍ അംഗബലം കുറവായതാണ് പ്രതികളെ പിടികൂടാന്‍ പ്രധാനമായും തടസ്സമാകുന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതോടെ ഒളിവില്‍പോകുന്നവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ പലപ്പോഴും കഴിയാറില്ല. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതിനാല്‍ മിക്ക കേസുകളിലെയും പ്രതികള്‍ക്കായുള്ള അന്വേഷണം ഏതാനും ദിവസത്തില്‍ ഒതുക്കാറാണ് പതിവ്. ഓപറേഷന്‍ സുരക്ഷ പ്രഖ്യാപിച്ചതോടെ മിക്ക സ്റ്റേഷനുകളിലെയും പല കേസന്വേഷണങ്ങളും മരവിപ്പിച്ചാണ് വാറണ്ട് പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ജനമൈത്രി പോലീസ് പദ്ധതിയും ഫലത്തില്‍ നിലച്ചമട്ടാണ്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും മുമ്പ് സ്റ്റേഷനികളില്‍ ആവശ്യത്തിന് പോലീസുകാരെ നിയമിക്കണമെന്നാണ് സേനയിലെ രഹസ്യ സംസാരം.