Connect with us

Kerala

ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

Published

|

Last Updated

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തു വഹകള്‍ താത്കാലികമായി ജപ്തി ചെയ്യാന്‍ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു. വസ്തു വഹകള്‍ കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
2004 ജനുവരി 1 മുതല്‍ കഴിഞ്ഞ ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ ടി ഒ സൂരജ് അനധികൃതമായി 1.81 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സൂരജിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ ഗോഡൗണുകളും വാണിജ്യ കെട്ടിടങ്ങളും വാസ സ്ഥലങ്ങളും അടക്കം 13 വസ്തുക്കള്‍ എറണാകുളം ജില്ലയിലും മൂന്ന് വസ്തുക്കള്‍ ഇടുക്കിയിലും തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്നും അനധികൃതമായി സമ്പാദിച്ചതാണെന്ന് വിജിലന്‍സ് ബോധിപ്പിച്ചു. കൂടാതെ അഞ്ച് ആഡംബര കാറുകളും അനധികൃത സ്വത്തിന്റെ പട്ടികയിലുണ്ട്.
കാറുകളും ജപ്തിചെയ്യാന്‍ കോടതി ഉത്തരവുണ്ട്. കെട്ടിടങ്ങളുടെയും മറ്റും യഥാര്‍ഥ മൂല്യം തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇവയുടെ യഥാര്‍ഥ വില കുറച്ചു കാട്ടിയിരിക്കുകയാണെന്നും വിജിലന്‍സിന്റെ ഹരജിയില്‍ പറയുന്നു. മക്കളുടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി 87 ലക്ഷം രൂപ ചെലവഴിച്ചതായും സൂരജും ഭാര്യയും കുടുംബാംഗങ്ങളും 18 തവണ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി പാസ്‌പോര്‍ട്ട് പരിശോധനയില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും വിജിലന്‍സ് അറിയിച്ചു. ഇടപ്പള്ളിയിലെ സൂരജിന്റെ വസ്തുവില 1.4 കോടി എന്നത് തികച്ചും കളവാണെന്നും ഇതിന്റെ യഥാര്‍ഥ വില 3.30 കോടി രൂപയാണെന്നും ബേങ്ക് രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതായും വിജിലന്‍സ് വിശദീകരിച്ചു.
മകളുടെ വിവാഹത്തിന് സൂരജ് 15.57 ലക്ഷം രൂപ വിവാഹച്ചടങ്ങുകള്‍ നടന്ന ഹോട്ടലുകളില്‍ ചെലവാക്കിയിട്ടുണ്ട്. സ്വര്‍ണവും മറ്റ് സമ്മാനങ്ങളും പരിശോധിച്ചു വരികയാണ്.

Latest