വിവാഹ തട്ടിപ്പ് വീരന്‍ വയനാട്ടില്‍ പിടിയില്‍

Posted on: March 12, 2015 5:52 am | Last updated: March 12, 2015 at 12:53 am
SHARE

കല്‍പ്പറ്റ: നിരവധി വിവാഹ തട്ടിപ്പ് കേസിലെ പ്രതിയെ ഭാര്യ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു. ആറാം വിവാഹത്തിന് ശ്രമം നടത്തി വരികയായിരുന്ന ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ രായംമരക്കാര്‍ വീട്ടില്‍ റശീദി (40) നെയാണ് മൂന്നാം ഭാര്യയുടെ പരാതിയില്‍ പോലീസ് പിടികൂടിയത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നിര്‍ധനരായ കുടുംബങ്ങളില്‍ നിന്നും വിവാഹം ചെയ്ത ശേഷം ഒരു കാരണവുമില്ലാതെ ഭാര്യമാരുമായി പ്രശ്‌നങ്ങളുാക്കുകയും പിന്നീട് പണവും ആഭരണങ്ങളും കവര്‍ന്ന് മുങ്ങുകയായിരുന്നു. മലപ്പുറം സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ മൂന്നാം ഭാര്യയുടെ തന്ത്രപൂര്‍വമായ നീക്കമാണ് യുവാവിനെ പിടികൂടാന്‍ സഹായകമായത്. റശീദുമായുള്ള ബന്ധത്തില്‍ രണ്ട് മക്കളുള്ള വൈത്തിരി സ്വദേശിയായ മൂന്നാം ഭാര്യ കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. റശീദ് ഇതിന് മുമ്പും സമാനമായ കേസില്‍ പിടിയിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പത്രങ്ങളില്‍ നിന്നുള്ള വിവാഹ പരസ്യം മുഖേനയാണ് ഇയാള്‍ പെണ്‍കുട്ടികളുടെ വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുന്നത്. ഒറ്റക്ക് പെണ്‍വീട്ടില്‍ എത്തുന്ന ഇയാള്‍ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണെന്നും ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നുമൊക്കെയാണ് ധരിപ്പിക്കാറ്. ഗുരൂവായൂര്‍ കോട്ടപ്പടിയിലെ പിള്ളക്കാട് ജുമാ മസ്ജിദിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചാണ് എല്ലാ വിവാഹവും നടത്തിയത്. വിവാഹം കഴിഞ്ഞ് കുറച്ച് നാള്‍ കഴിയുമ്പോള്‍ പണവും ആഭരണങ്ങളുമായി മുങ്ങുകയാണ് രീതി.
മലപ്പും സ്വദേശിയെ വിവാഹം കഴിക്കാനുള്ള ശ്രമം ഭാര്യ മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞ റശീദ് ഭാര്യയെയും മക്കളെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് ഗ്യാസ് സിലിന്‍ഡര്‍ തുറന്ന് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ മാനന്തവാടി സബ് ജയിലില്‍ റിമാന്‍ഡിലാണ്.