വാര്‍ധക്യകാല പെന്‍ഷന് പണമില്ലാത്തത് മനുഷ്യത്വമില്ലായ്മയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: March 12, 2015 5:52 am | Last updated: March 12, 2015 at 12:52 am
SHARE

തിരുവനന്തപുരം: മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും അറുന്നൂറോളം പേഴ്‌സണല്‍ സ്റ്റാഫിന് ശമ്പളം നല്‍കാന്‍ പണമുള്ള സര്‍ക്കാറിന് തുച്ഛമായ വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കാന്‍ പണമില്ലാത്തത് മനുഷ്യത്വമില്ലായ്മയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി.
71 കാരനായ ഡി എ ദയാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ നിരീക്ഷണം. ദയാനന്ദന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് 2013 ഒക്‌ടോബര്‍ ഒന്ന് മുതലുള്ള പ്രാബല്യത്തില്‍ വാര്‍ധക്യകാല പെന്‍ഷന്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു.
സര്‍ക്കാറില്‍ നിന്നും പെന്‍ഷന്‍ വിതരണത്തിനാവശ്യമായ അലോട്ട്‌മെന്റ് ലഭിക്കുന്ന മുറക്ക് കുടിശ്ശിക തുകയുള്‍പ്പെടെ ദയാനന്ദന് നല്‍കാമെന്ന് പെന്‍ഷന്‍ നല്‍കാന്‍ ചുമതലപ്പെട്ട കൊച്ചി നഗരസഭ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും പെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞ് മോഹിപ്പിച്ച് കൊടുക്കാതിരിക്കുന്നത് ഖേദകരമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. മുതിര്‍ന്ന പൗരന്മാര്‍ മരിച്ചിട്ട് കുടിശ്ശിക നല്‍കുന്നതില്‍ കാര്യമില്ല. അതാത് മാസം തന്നെ വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കണം.
വാര്‍ധക്യകാല പെന്‍ഷന്‍ കൊടുക്കാനുള്ള അലോട്ട്‌മെന്റ് സര്‍ക്കാര്‍ എത്രയും വേഗം നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതില്‍ കാലതാമസം പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
അടുത്ത മാസം അഞ്ചിനകം വാര്‍ധക്യകാല പെന്‍ഷന്റെ മുഴുവന്‍ കുടിശികയും സര്‍ക്കാര്‍ നല്‍കണം. മേയ് അഞ്ചിനുള്ളില്‍ നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.