വിഷബാധ പ്രതിരോധ മരുന്ന് മലബാറിലെ ആശുപത്രികളില്‍ ലഭ്യമല്ല

Posted on: March 12, 2015 12:51 am | Last updated: March 12, 2015 at 12:51 am
SHARE

ANTI RABISINകണ്ണൂര്‍: തെരുവുനായ കടിച്ചാലും പാമ്പു കടിച്ചാലും ജനങ്ങള്‍ക്ക് രക്ഷയില്ല. വിഷബാധയുടെ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് മലബാറിലെ ആശുപത്രികളില്‍ ലഭ്യമല്ലാത്തത് മൂലം ജനം കടുത്ത പ്രതിസന്ധിയിലും പരിഭ്രാന്തിയിലുമായി. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ മലബാറിലെ ജില്ലകളിലുള്ളവരെയാണ് മരുന്ന് ക്ഷാമം വലച്ചത്.

പേവിഷബാധ പ്രതിരോധ കുത്തിവെപ്പിനുള്ള ആന്റി റാബിസ് വാക്‌സിന് മെഡിക്കല്‍ കോളജ് ആശുപത്രികളിലുള്‍പ്പടെ കടുത്ത ക്ഷാമമാണ്. മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ദിവസവും ശരാശരി 20 പേരാണ് ചികിത്സ തേടിയെത്തുന്നത്. കഴിഞ്ഞദിവസം ചികിത്സക്കെത്തിയ നിരവധി പേര്‍ക്ക് കുത്തിവെപ്പ് നല്‍കാനായില്ല. ചിലരെ നിലവില്‍ മരുന്ന് സ്റ്റോക്കുള്ള ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മറ്റുചിലരെ കോയമ്പത്തൂരിലേക്കും മംഗലാപുരത്തേക്കുമാണ് മാറ്റിയത്. മൂന്നാഴ്ച മുമ്പാണ് മരുന്നു തീര്‍ന്നത്.
ലോക്കല്‍ പര്‍ച്ചേസ് പ്രകാരം മരുന്ന് വാങ്ങാന്‍ നടപടി കൈക്കൊണ്ടെങ്കിലും സംസ്ഥാനത്ത് എവിടെയും സ്റ്റോക്കില്ലെന്നായിരുന്നു മറുപടിയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കാലാവധി വളരെ കുറവായതിനാല്‍ കൂടുതല്‍ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതും സാധ്യമാകുന്നില്ല. മെഡിക്കല്‍ കോളജ്- സഹകരണ മെഡിക്കല്‍ കോളജ് അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പട്ടി കടിക്കുള്ള ചികിത്സാ മരുന്നുകളായ ആന്റി റാബീസ് വാക്‌സിനും ഇന്‍ഡ്രോ ഡെര്‍മ്മല്‍ റാബീസ് വാക്‌സിനും കഴിഞ്ഞതിന് പിന്നാലെ പാമ്പ് കടിക്കുള്ള ആന്റീവെനത്തിനും ക്ഷാമം നേരിടുന്നുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ആന്റീവെനം സ്റ്റോക്ക് പുതുതായി എത്തുന്നില്ല. ആന്റീവെനം ലഭിക്കാതായതോടെ കടുത്ത പ്രതിസന്ധിയാണ് ആശുപത്രികള്‍ അഭിമുഖീകരിക്കുന്നത്. പല ആശുപത്രികളിലും ്യൂനിലവിലുള്ള സ്റ്റോക്ക് മാത്രമാണ് ആന്റീവെനമുള്ളത്.
സംസ്ഥാനത്തെ താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികള്‍ക്ക് പുറമെ മെഡിക്കല്‍ കോളജ് ആശുപത്രികളിലെവിടെയും ഇവ ലഭ്യമല്ല. സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോര്‍ മുഖേന മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടതിന്റെ പകുതിയോളം മരുന്നുകള്‍ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. ഇവ തീര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ സ്റ്റോക്ക് എത്തിയിട്ടില്ല. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലും മരുന്ന് ഇല്ലാതായി. മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനി ഉത്പാദനം കുറച്ചതാണ് മരുന്ന് ക്ഷാമത്തിന് കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പരിയാരം, കോഴിക്കോട്, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളിലും ആന്റീ റാബീസ് സിറം തീര്‍ന്നിട്ടുണ്ട്. വിഷപ്പാമ്പ് കടിയേറ്റവര്‍ക്ക് 20-25 വയല്‍ ആന്റീവെനം ആവശ്യമായുണ്ട്. വിഷം കുറഞ്ഞവയാണെങ്കില്‍ ഏഴ് വയല്‍ ആന്റീവെനം വേണം. ഒരു വയലിന് 800-900 രൂപ വരെയാണ് വില. ഉത്തര മലബാറില്‍ പാമ്പുകടിയേറ്റ് കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തുന്ന പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്റീവെനം സ്റ്റോക്ക് തീരാറായി. പുതിയ സ്റ്റോക്ക് ആവശ്യപ്പെട്ട് ഒരുമാസമാകാറായിട്ടും ഇതുവരെയായും മരുന്ന് എത്തിയിട്ടില്ല. ഇതുതന്നെയാണ് മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേയും സ്ഥിതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലും ആന്റീവെനം കിട്ടാനില്ലാത്ത സാഹചര്യമാണ്. മുംബൈ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടും കസൗലിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമാണ് ആന്റീവെനം നിര്‍മിക്കുന്നത്. ഇവിടങ്ങളില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സി മുഖേനയാണ് മരുന്ന് സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടത്.