മലപ്പുറം എം എസ് പി സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്ര വിലക്ക്‌

Posted on: March 12, 2015 5:30 am | Last updated: March 12, 2015 at 12:46 am
SHARE

മലപ്പുറം: മലപ്പുറം എം എസ് പി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് മഫ്തക്കും ഫുള്‍കൈ ഡ്രസ്സിനും വിലക്ക്.
ഷാള്‍ചുറ്റി മഫ്തയാക്കി ധരിച്ച് രാവിലെ സ്‌കൂളില്‍ വരുന്ന കുട്ടികള്‍ സ്‌കൂളിന്റെ മതിലിന് പുറത്ത് മഫ്ത അഴിച്ച് ഷാള്‍ ഇട്ട് പോകുന്ന കാഴ്ച പതിവാണ്. ജന്മദിനത്തിന് കളര്‍ഫുള്‍ ഡ്രസ്സ് ധരിക്കാന്‍ അനുവാദമുണ്ട്. അല്ലാത്ത ദിനങ്ങളില്‍ യൂനിഫോമില്‍ വരണം. യൂനിഫോമില്‍ മഫ്തയും ഫുള്‍കൈ ഡ്രസ്സും ധരിക്കാന്‍ പാടില്ല. ജന്മദിന ദിവസം മഫ്ത ധരിച്ച് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രിന്‍സിപ്പല്‍ സുകുമാരന്‍ ഇന്നലെ ന്യൂനപക്ഷ കമ്മീഷന്റെ മുമ്പാകെ മാപ്പ് പറഞ്ഞു.
സ്ഥാപനത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്‌കൂളിലെത്തിയ ആറാം ക്ലാസ്സുകാരി നേരെ അധ്യാപകരുടെ അടുത്തേക്ക് പോയി ആശിര്‍വാദം വാങ്ങിയ ശഷം നടന്ന അസംബ്ലിയില്‍ പതിവ് പോലെ ബര്‍ത്തിഡേയുള്ള കുട്ടികളെ മുമ്പിലേക്ക് നിര്‍ത്തി. ഷാള്‍ ചുറ്റി മഫ്തയിട്ട വിദ്യാര്‍ഥിനിയെ കണ്ടതും പ്രധാനാധ്യാപകന്റെ രൂപം മാറി. അസംബ്ലിയില്‍ വിദ്യാര്‍ഥിനിയെ അധിക്ഷേപിച്ച് സംസാരിച്ചു. അധ്യാപകന്റെ ശകാരം കേട്ട വിദ്യാര്‍ഥിനിയുടെ കൈകാലുകള്‍ തളര്‍ന്നു. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു.
ഈ സമയത്ത് പോലും അധ്യാപകന്‍ കുട്ടിയെ ശകാരിച്ച് കൊണ്ടിരുന്നു. പെരിന്തല്‍മണ്ണയിലെ കുട്ടിയുടെ പിതാവായ ബിസിനസ്സുകാരനായ വടക്കാങ്ങര കുരുവാടില്‍ യാസര്‍ പ്രിന്‍സിപ്പലിനെ കണ്ടപ്പോള്‍ സ്‌കൂളിന്റെ സോഷ്യലിസത്തിന് നിരക്കാത്ത വേഷമാണ് ധരിച്ചതെന്നും അത് വെച്ച് പൊറുപ്പിക്കാനികില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വീട്ടിലെത്തിയ വിദ്യാര്‍ഥിനി രണ്ട് ദിവസം സ്‌കൂളില്‍ പോയില്ല. മൂന്നാം ദിവസം മാതാപിതക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്‌കൂളിലെത്തിയപ്പോള്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച കുട്ടികളുടെ ഫോട്ടോ എടുക്കുന്ന ദിവസമായതിനാല്‍ ഫോട്ടോ എടുക്കാനായി ഈ വിദ്യാര്‍ഥിനിയും വരിയില്‍ നിന്നതു കണ്ട പ്രന്‍സിപ്പല്‍ മറ്റു കുട്ടികളുടെ ഇടയില്‍ വെച്ച് വീണ്ടും കുട്ടിയെ പരിഹസിക്കുകയായിരുന്നു.
തുടര്‍ന്നാണ് ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയത്. സ്‌കൂള്‍ അധികാരികള്‍ക്ക് യൂനിഫോം ധരിക്കാന്‍ കല്‍പ്പിക്കാം. എന്നാല്‍ മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് തടസ്സം പറയാന്‍ പാടില്ലെന്നാണ് ഭരണഘടന പറയുന്നതെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി പറഞ്ഞു.