Connect with us

Kerala

നിസാമിന്റെ അനധികൃത സ്വത്ത്: ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: വിവാദ വ്യവസായി നിസാമിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചന്ദ്രബോസിന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ കൊലക്കേസ് അന്വേഷണം സി ബി ഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല.
കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. നിസാമിന് പരമാവധി ശിക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി ആഭ്യന്തരമന്ത്രി നിയമസഭയില്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. കേസ് നടത്തിപ്പിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കാപ്പചുമത്തിയതായും ആഭ്യന്തരമന്ത്രി പറഞ്ഞു. നിസാമിന്റെ ഭാര്യ കേസില്‍ ഉള്‍പ്പെട്ടതായി തെളിവോ, സാക്ഷിമൊഴികളോ ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുമ്പോള്‍ ഭാര്യക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കുണ്ടെന്ന തെളിവ് ലഭിച്ചാല്‍ പ്രതിചേര്‍ക്കും.
ജയിലില്‍ സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന സൗകര്യം മാത്രമാണ് നിസാമിന് നല്‍കുന്നത്. നിസാമിന്റെ റോള്‍സ് റോയ്‌സ് കാറില്‍ ബെംഗളുരുവില്‍ പോയെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. ടെമ്പോട്രാവലിലാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. ഫഌറ്റിന്റെ താക്കോലിന് വേണ്ടിയാണ് നിസാം പോലീസിന്റെ ഫോണ്‍ ഉപയോഗിച്ചത്. ഒരു ജനപ്രതിനിധിയും ഈ കേസില്‍ പ്രതിക്ക് വേണ്ടി ഇടപെടുമെന്ന് വിശ്വസിക്കുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ടുയരുന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ വിചാരണ കേസിന്റെ ഉത്തമ താത്പര്യങ്ങള്‍ക്ക് നല്ലതല്ല. നിറം പിടിപ്പിച്ച വാര്‍ത്തകള്‍ സാമാജികര്‍ വിശ്വസിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം അട്ടിമറിച്ച് പ്രതിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ബാബു എം പാലിശ്ശേരി ആരോപിച്ചു.
മര്‍ദനമേറ്റ ശേഷം 16 ദിവസം ജീവിച്ചിരുന്നിട്ടും മരണ മൊഴിയെടുത്തില്ല. ഇതിന്റെ പേരില്‍ ലോകായുക്തയുടെ നടപടി നേരിടുന്ന സി ഐ ഇപ്പോഴും അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. സംഭവം നടന്നപ്പോള്‍ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം തൊണ്ടിയായി കസ്റ്റഡയിലെടുക്കാതെ കത്തിച്ചുകളഞ്ഞു. കൂട്ടുപ്രതിയായ ഭാര്യക്കെതിരെ കേസെടുത്തില്ല.
തെളിവെടുപ്പിന്റെ പേരില്‍ ബെംഗളുരുവില്‍ നിസാമിനൊപ്പം പോലീസ് വിനോദയാത്ര നടത്തുകയായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചിരുന്നത്. ജയിലിലും മികച്ച ഭക്ഷണം നല്‍കുന്നു. തൃശൂര്‍ ഡി സി സി പ്രസിഡന്റും പി എ മാധവന്‍ എം എല്‍ എയും വജയിലില്‍ നിസാമുമായി സംസാരിച്ചു. തൃശൂരിലെ കോണ്‍ഗ്രസ് നേതാവും മുന്‍മേയറുമായ ഐ പി പോള്‍ തന്നെ ഇത് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും പാലിശ്ശേരി പറഞ്ഞു. മൊഴിനല്‍കാവുന്ന ആരോഗ്യസ്ഥിതിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത് കൊണ്ടാണ് മരണമൊഴി എടുക്കാതിരുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആശുപത്രി അധികൃതരാണ് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം വെയ്സ്റ്റ് ബോക്‌സില്‍ കളഞ്ഞത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പതിനഞ്ച് ദിവസത്തിന് മുമ്പ് തീരുമാനിച്ച ജയില്‍ ഉപദേശക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ജയിലില്‍ പോയതെന്നും നിസാമിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പി എ മാധവന്‍ പറഞ്ഞു. നിസാമിനെ ജയിലില്‍ പോയി കണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടികളുടെ പളപളപ്പില്‍ സര്‍ക്കാര്‍ പ്രതിയുടെ കൂടെ ചേര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സോളാര്‍ മുതല്‍ ബാര്‍ കോഴ വരെയുള്ള വിഷയങ്ങളില്‍ ഇത് ബോധ്യപ്പെട്ടതാണ്. കൊലയാളിയെ സംരക്ഷിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. വി വി ഐ പികളെ കൊണ്ടുപോകുന്നത് പോലെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതെന്നും വി എസ് കുറ്റപ്പെടുത്തി.

Latest