ഇറാഖ് സൈന്യം തിക്‌രിത്തില്‍

Posted on: March 12, 2015 5:24 am | Last updated: March 12, 2015 at 12:25 am
SHARE

ബാഗ്ദാദ്: ശക്തമായ ചെറുത്തുനില്‍പ്പിനിടയില്‍ ഇറാഖ് സൈന്യവും ശിയാ പോരാളികളും തന്ത്രപ്രധാനമായ തിക്‌രിത് നഗരത്തില്‍ പ്രവേശിച്ചു. സൈന്യം ഉടന്‍ തന്നെ തിക്‌രിതിന്റെ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വടക്കു കിഴക്കന്‍ പ്രദേശമായ തിക്‌രിതിന്റെ ഭൂരിപക്ഷം പ്രദേശങ്ങളുടെയും നിയന്ത്രണം സൈന്യം പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാദിസിയ്യ ജില്ലയുടെ മൂന്നില്‍ രണ്ട് പ്രദേശം കീഴടക്കിയ സൈന്യം ഇവിടങ്ങളില്‍ ഔദ്യോഗിക പതാകകള്‍ തൂക്കി. സദ്ദാം ഹുസൈന്റെ ജന്മനഗരമായ തിക്‌രിത്ത് ഇസില്‍ തീവ്രവാദികളില്‍ നിന്ന് തിരിച്ചു പിടിക്കല്‍ ഇറാഖ് സര്‍ക്കാറിന് സുപ്രധാനമാണ്. കഴിഞ്ഞ ജൂണിലാണ് തിക്‌രിത്ത് നഗരം ഇസില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്.
പത്ത് ദിവസത്തെ ശക്തമായ നീക്കത്തിലൂടെയാണ് തിക്‌രിത്തിലേക്ക് ഇറാഖ് സൈന്യം പ്രവേശിച്ചത്.
ടൈഗ്രീസ് നദിക്കരയിലെ നിരവധി ഗ്രാമങ്ങളും നഗരങ്ങളും കീഴടക്കിയാണ് സൈന്യം തിക്‌രിത്തിലെത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം തിക്‌രിത്ത് പിടിച്ചെടുക്കാനുള്ള നീക്കത്തിനിടയില്‍ എത്ര സൈനികര്‍ക്കും തീവ്രവാദികള്‍ക്കും ആളപായമുണ്ടായെന്ന് റിപ്പോര്‍ട്ടില്ല.