പൗരന്മാരുടെ ഫോണ്‍കോളുകളും സി ഐ എ ചോര്‍ത്തുന്നു

Posted on: March 12, 2015 2:22 am | Last updated: March 12, 2015 at 12:22 am
SHARE

വാഷിംങ്ടണ്‍: സി ഐ എ വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി യു എസ് നീതി വകുപ്പ് രഹസ്യ വ്യോമ ഉപകരണങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ സംശയിക്കുന്ന പൗരന്മാരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്.
കുറ്റകൃത്യങ്ങള്‍ സംശയിക്കപ്പെടുന്നവര്‍ക്കെതിരെ ‘ഹൈടെക് വേട്ട’ എന്ന് വിളിക്കപ്പെടുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത് സി ഐ എയും യു എസ് നീതി വകുപ്പ് സേനയും ചേര്‍ന്നാണ്.
കുറ്റകൃത്യങ്ങള്‍ സംശയിക്കപ്പെടുന്നവര്‍ക്ക് പുറമെ നിരപരാധികളായ പതിനായിരക്കണക്കിനാളുകളുടെ വിവരങ്ങള്‍ കൈക്കലാക്കാനും ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്.
ഈ പദ്ധതി പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത് ഭൂരിഭാഗം അമേരിക്കന്‍ ജനങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് യു എസ് നഗരങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളെ കേന്ദ്രീകരിച്ചാണ്.
വിമാനങ്ങളെയും അവയുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്ന വിധത്തില്‍ ഈ സാങ്കേതിക ഉപകരണങ്ങളുമായി പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
ഈ നിരീക്ഷണ സംവിധാനങ്ങളില്‍ കുറ്റകൃത്യങ്ങളുമായി ബന്ധമില്ലാത്ത പൗരന്മാരുടെയെല്ലാം വിവരങ്ങളും ചോര്‍ത്തപ്പെടും
സി ഐ എ വികസിപ്പിച്ച ചില സാങ്കേതിക ഉപകരണങ്ങള്‍ നിയമപരമായ ഉത്തരവാദിത്വത്തോടെയാണ് മറ്റു ചില സര്‍ക്കാര്‍ ഏജന്‍സികളുമായി പങ്കിട്ടതെന്ന് സി ഐ എ വക്താവ് വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഈ ഏജന്‍സികള്‍ ഏതു വിധത്തിലാണ് ഈ ഉപകരണങ്ങളെ ഉപയോഗിക്കേണ്ടെതെന്ന് വരെ നിയമപരമായി നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഇതില്‍ പൗരന്മാരുടെ സ്വകാര്യതക്ക് ദൂരവ്യാപകമായ ധാരാളം ആശങ്കകളുണ്ടെന്നും രഹസ്യാന്യേഷണ ഏജന്‍സികള്‍ ഇത് കൈകാര്യം ചെയ്യുമ്പോള്‍ ഈ ആശങ്കകള്‍ വര്‍ധിക്കുകയേ ഉള്ളൂവെന്നും ഇലക്‌ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷനിലെ വിദഗ്ധന്‍ അഭിപ്രായപ്പെട്ടു.