എം ക്യു എം ഓഫീസുകളില്‍ സൈനിക റെയ്ഡ്; ആയുധങ്ങള്‍ കണ്ടെടുത്തു

Posted on: March 12, 2015 2:21 am | Last updated: March 12, 2015 at 12:22 am
SHARE

ഇസ്‌ലാമാബാദ്(പാക്കിസ്ഥാന്‍): പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ മുത്തഹിദെ ഖ്വാമി മൂവ്‌മെന്റിന്റെ ഓഫീസുകളിലും പാര്‍ട്ടി ഭാരവാഹികളുടെ വീടുകളിലും സൈന്യം റെയ്ഡ് നടത്തി. റെയ്ഡില്‍ അനധികൃത ആയുധങ്ങള്‍ കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
അസീസാബാദിലെ പാര്‍ട്ടി ഓഫീസുകളില്‍ ഇന്നലെ രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെ പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈന്യവും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ മരിച്ചു.
പാര്‍ട്ടി നേതാവ് അല്‍താഫ് ഹുസൈന്റയും സഹോദരിയുടെയും വീടുകളിലും പാര്‍ട്ടി സെക്രട്ടേറിയറ്റ് നടക്കുന്ന ഖുര്‍ഷിദ് മെമ്മോറിയല്‍ ഹാളിലും പ്രവേശിച്ച സൈന്യം ഇവിടെ നിന്ന് മുഴുവന്‍ പേരെയും ഒഴിപ്പിച്ച ശേഷമാണ് റെയ്ഡ് നടത്തിയത്. മുഴുവന്‍ ഓഫീസുകളും സൈന്യം അരിച്ചുപെറുക്കി. സൈനികര്‍ റെയ്ഡ് നടത്തുമ്പോള്‍ തങ്ങള്‍ യാതൊരു പ്രകോപനവുമണ്ടാക്കിയില്ലെന്ന് പാര്‍ട്ടി എംപി സമാന്‍ ജാഫ്‌രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി ഓഫീസുകളില്‍ അനധികൃതമായി ആയുധം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് സൈനിക വക്താവ് കേണല്‍ ത്വാഹിര്‍ മഹ്മൂദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം ആമിര്‍ ഖാന്‍ കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടും. മുന്‍കാലങ്ങളില്‍ വധക്കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പാക്കിസ്ഥാനില്‍ എങ്ങനെ എത്തിച്ചുവെന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സൈനിക വക്താവ് അറിയിച്ചു. അതേസമയം പിടികൂടിയ ആയുധങ്ങള്‍ നിയമപരമായി കൈവശം വെച്ചവയാണെന്ന് പാര്‍ട്ടി നേതാവ് സിന്ധ് പ്രവിശ്യാ അസംബ്ലി അംഗം ഫൈസല്‍ സബ്‌സ്‌വാരി പറഞ്ഞു. പാക്കിസ്ഥാന്‍ നിയമത്തെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേത്. പാക് സര്‍ക്കാറിന്റെ അനുവാദത്തോടെ കൊണ്ടുവന്ന ആയുധങ്ങള്‍ തങ്ങളുടെ പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടി ഓഫീസുകളില്‍ സൈനികര്‍ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് എം ക്യു എം സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.