നിതീഷ് കുമാര്‍ വീണ്ടും സഭയുടെ വിശ്വാസം നേടി

Posted on: March 12, 2015 5:21 am | Last updated: March 12, 2015 at 12:21 am
SHARE

പാറ്റ്‌ന: ബീഹാര്‍ നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അജയ്യനായി വീണ്ടും നിതീഷ് കുമാര്‍. ആര്‍ ജെ ഡി, കോണ്‍ഗ്രസ്, സി പി ഐ, ഒരു സ്വതന്ത്രന്‍ എന്നിവരുടെ പിന്തുണയോടെയാണ് നിതീഷ് കുമാര്‍ സഭയുടെ വിശ്വാസം കാത്തത്. പ്രതിപക്ഷമായ ബി ജെ പി ഇറങ്ങിപ്പോയി.
നിതീഷ് കുമാര്‍ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന് അനുകൂലമായി 140 അംഗങ്ങള്‍ വോട്ട് ചെയ്തു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ലെന്നും സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി പ്രഖ്യാപിച്ചു. ആദ്യം ശബ്ദ വോട്ടെടുപ്പും പിന്നീട് സാധാരണ വോട്ടെടുപ്പും നടന്നു. ജിതന്‍ റാം മാഞ്ജി ഒഴികെയുള്ള ജെ ഡി യുടെ 109 എം എല്‍ എമാരും ആര്‍ ജെ ഡിയുടെ 24ഉം കോണ്‍ഗ്രസിന്റെ അഞ്ചും സി പി ഐയുടെ ഒന്നും ഒരു സ്വതന്ത്രനും സര്‍ക്കാറിന് അനൂകൂലമായി വോട്ട് ചെയ്തു. വിപ് ലംഘിച്ച് അയോഗ്യത കല്‍പ്പിക്കപ്പെടാതിരിക്കാന്‍ മാഞ്ജി ഒഴികെയുള്ള ജെ ഡി യുടെ വിമതപക്ഷത്തുള്ള എല്ലാ അംഗങ്ങളും സര്‍ക്കാറിന് അനുകൂലമായാണ് വോട്ട് ചെയ്തത്. 87 അംഗങ്ങളുള്ള ബി ജെ പി തുടക്കം മുതല്‍ തന്നെ ഇറങ്ങിപ്പോയി. വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 233 അംഗ സഭയാണ് ബീഹാറിലെത്. പത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അംഗത്തിന് എങ്ങനെയാണ് വിപ് സ്വീകരിക്കാന്‍ സാധിക്കുകയെന്ന ചോദ്യം ഉന്നയിച്ച് മാഞ്ജി സഭ വിട്ടു. ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠിയുടെ നയ പ്രഖ്യാപനത്തിന് ശേഷം നാല് മണിക്കൂര്‍ നേരത്തെ ചര്‍ച്ചക്കൊടുവിലാണ് അവിശ്വാസ പ്രമേയം കൊണ്ടവന്നത്. ഉച്ചഭക്ഷണത്തിന് പിരിയാതെയാണ് പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം സ്പീക്കര്‍ ശബ്ദ വോട്ടിന് നിര്‍ദേശിച്ചു. ജെ ഡി യുവിന്റെ സഭാനേതാവ് വിജയ് ചൗധരിയുടെയും ആര്‍ ജെ ഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദീഖിയുടെയും ആവശ്യപ്രകാരം സാധാരണ വോട്ടെടുപ്പും നടന്നു. ഇതിന് ഒന്നര മണിക്കൂര്‍ സമയമെടുത്തു.
ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ്, സി പി ഐ, ഒരു സ്വതന്ത്രന്‍ എന്നിവരുടെ പൂര്‍ണ പിന്തുണ സര്‍ക്കാറിനുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ചൗധരി സഭക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാറിനെതിരെ ധാരാളം എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന ബി ജെ പിയുടെ വാദം പൊളിഞ്ഞിരിക്കുന്നു. പ്രമേയ ചര്‍ച്ചക്കിടെ ബി ജെ പിയും ട്രഷറി ബഞ്ചും തമ്മില്‍ രൂക്ഷ വാഗ്വാദമാണ് നടന്നത്. അധികാരത്തില്‍ അള്ളിപ്പിടിക്കാന്‍ ലാലുവുമായി നിതീഷ് രമ്യതയിലായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് നന്ദ് കിഷോര്‍ യാദവ് പറഞ്ഞു. മാഞ്ജിയുടെ പിന്തുണയോടെയുള്ള ബി ജെ പിയുടെ കള്ളി പൊളിഞ്ഞെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു.