ഭാട്ടി വധം: ഡി പി യാദവിന് ജീവപര്യന്തം

Posted on: March 12, 2015 2:20 am | Last updated: March 12, 2015 at 12:20 am
SHARE

ഡെറാഡൂണ്‍: മുന്‍ എം എല്‍ എ മഹേന്ദ്ര സിംഗ് ഭാട്ടിയെ കൊന്ന കേസില്‍ ഉത്തര്‍പ്രദേശിലെ വിവാദ രാഷ്ട്രീയ, അധോലോക നായകന്‍ ഡി പി യാദവിനെ സി ബി ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1992ലാണ് ഗാസിയാബാദിലെ ദാദ്രിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയായ മഹേന്ദ്ര സിംഗ് ഭാട്ടിയെ വെടിവെച്ച് കൊന്നത്. യാദവും മറ്റ് മൂന്ന് പേരും ഈ കേസില്‍ കുറ്റക്കാരാണെന്ന് ഫെബ്രുവരി 28ന് ഡെറാഡൂണിലെ സി ബി ഐ കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ യാദവ് ഉള്‍പ്പെടെ നാല് പ്രതികളും കോടതിയില്‍ ഹാജരില്ലായിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ കാണിച്ചാണ് ഇവര്‍ കോടതിയില്‍ ഹാജരാകാതിരുന്നത്. കരണ്‍ യാദവ്, പ്രണീത് ഭാട്ടി, പാല്‍ സിംഗ് എന്നിവരാണ് ഡി പി യാദവിനൊപ്പം ശിക്ഷിക്കപ്പെട്ടത്.
1992 സെപ്തംബര്‍ 13ന് ദാദ്രി റെയില്‍വേ ക്രോസിംഗില്‍ വെച്ചാണ് മഹേന്ദ്ര സിംഗ് ഭാട്ടിയേയും ഉറ്റ സുഹൃത്തായ ഉദയ് പ്രകാശിനേയും പ്രതികള്‍ വെടിവെച്ച് കൊന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒ പി കയാലിന് വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. 1993 സെപ്തംബര്‍ 10ന് കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു. 1996ല്‍ യാദവ് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് രണ്ട് പതിറ്റാണ്ടോളം നീണ്ടപ്പോള്‍ പ്രതികളില്‍ നാല് പേര്‍ മരിച്ചിരുന്നു.