അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉടനെ താഴുവീഴും

Posted on: March 12, 2015 6:00 am | Last updated: March 12, 2015 at 12:20 am
SHARE

HMTന്യൂഡല്‍ഹി: നഷ്ടത്തിലുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. നഷ്ടത്തിലോടുന്ന 65 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. ഇവയില്‍ എയര്‍ ഇന്ത്യ, എം ടി എന്‍ എല്‍, ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് എന്നിവയുമുണ്ട്.
ഒരുകാലത്ത് രാജ്യത്തിന്റെ മനംകവര്‍ന്ന ബ്രാന്‍ഡഡ് വാച്ചുകള്‍ ഇറക്കിയ എച്ച് എം ടിയുടെ മൂന്ന് യൂനിറ്റുകളും അടച്ചുപൂട്ടുമെന്ന് ഘനവ്യവസായ മന്ത്രി ആനന്ദ് ഗീതെ ചോദ്യോത്തരവേളയില്‍ അറിയിച്ചു. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മികച്ച സ്വയം വിരമിക്കല്‍ പാക്കേജ് (വി ആര്‍ എസ്) നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഉടനെ അടച്ചുപൂട്ടുന്ന മറ്റ് സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മുമ്പ് യഥാക്രമം വ്യോമയാന, ടെലിഫോണ്‍ വിപണികള്‍ കൈയടക്കിയിരുന്ന എയര്‍ ഇന്ത്യയും എം ടി എന്‍ എല്ലും നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഇവയുടെ ശരാശരി വരുമാനത്തില്‍ 50 ശതമാനമോ അതിന് മുകളിലോ നഷ്ടമാണ്. വ്യത്യസ്തങ്ങളായ സംരംഭങ്ങള്‍, കാലഹരണപ്പെട്ട നിലയങ്ങളും മെഷീനുകളും, വലിയ പലിശ ഭാരം, വിഭവങ്ങളുടെ അപര്യാപ്തത, അധിക മനുഷ്യവിഭവശേഷി, നിര്‍വഹണ ആസ്തിയുടെ ലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാണ് തകര്‍ച്ചക്ക് കാരണം.
2013-14 കാലയളവില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 5388 കോടി രൂപയാണ്. 2012-13ല്‍ 5490ഉം 2011-12ല്‍ 7559ഉം കോടി രൂപയാണ് നഷ്ടം. 2013-14ല്‍ എം ടി എന്‍ എല്ലിന് 7820 കോടി രൂപയുടെ ലാഭമുണ്ടായെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം 5321ഉം 4109ഉം കോടി രൂപയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന് 859, 551, 462 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനോ ഒന്നൊന്നായി പൂട്ടുന്നതിനോ ഉള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ തയ്യാറാക്കി സര്‍ക്കാറിന്റെ അനുമതിക്ക് സമര്‍പ്പിക്കുമെന്നും ഗീതെ അറിയിച്ചു.