ദേശീയഗാനത്തിനിടെ കര്‍ണാടക ഗവര്‍ണര്‍ വേദിവിട്ടത് വിവാദമായി

Posted on: March 12, 2015 5:15 am | Last updated: March 12, 2015 at 12:16 am
SHARE

ബെംഗളൂരു: രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഔദ്യോഗിക ചടങ്ങ് നടക്കവേ ഗവര്‍ണര്‍ ഇറങ്ങിപ്പോയത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.
കര്‍ണാടക ഹൈക്കോടതി ജഡ്ജി രാഘവേന്ദ്ര സിംങ് ചൗഹാന് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്ത ശേഷം കീഴ്‌വഴക്കമനുസരിച്ച് നടക്കുന്ന ദേശീയഗാനം ആലപിക്കുന്നതിനിടെ ഗവര്‍ണര്‍ വേദിയില്‍ നിന്നുപുറത്തുപോകുകയായിരുന്നു.
ദേശീയ ഗാനം ആലപിക്കുന്നതിനിടെ അതിഥികളും മറ്റും വേദിയില്‍ ആദരസൂചകമായി എഴുന്നേറ്റുനില്‍ക്കുമ്പോഴാണ് ഗവര്‍ണര്‍ വേദിയില്‍ നിന്ന് അശ്രദ്ധയോടെ ഇറങ്ങിപ്പോയത്. എന്നാല്‍ വേദിയില്‍ നിന്ന് അല്‍പ്പ ദൂരമെത്തിയപ്പോള്‍ അംഗരക്ഷകരില്‍ ഒരാള്‍ ഗവര്‍ണറെ കാര്യം ഉണര്‍ത്തിയപ്പോള്‍ അദ്ദേഹം വേദിയിലേക്ക് തിരിച്ചുവരികയും ബഹുമാനത്തോടെ എഴുന്നേറ്റുനില്‍ക്കുകയും ചെയ്തു.
അതേസമയം, ഇതുസംബന്ധിച്ച് രാജ്ഭവന്‍ ഒരു വിശദീകരണവും പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങള്‍ സംഭവത്തിന്റെ ദൃശ്യം പുറത്തുവിട്ടതോടെ ദേശീയഗാനത്തെ അപമാനിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.