കെ പി എം എസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് ഭൂമി നല്‍കും

Posted on: March 12, 2015 5:14 am | Last updated: March 12, 2015 at 12:14 am
SHARE

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് കോളജുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള പുലയര്‍ മഹാസഭ (കെ പി എം എസ്)ക്ക് സര്‍ക്കാര്‍ അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് എയ്ഡഡ് കോളജിന് ആറ് ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പത്തനാപുരം പിറവന്തൂരില്‍ കിന്‍ഫ്രയുടെ കൈവശമുള്ള 51 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് സ്ഥലം അനുവദിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സര്‍ക്കാര്‍ അനുവദിച്ച മൂന്നാമത്തെ കോളജാണിത്. പി ആര്‍ ഡി എസിനും വണ്ടൂരിലെ പട്ടികജാതി വര്‍ഗ സൊസൈറ്റിക്കും കോളജുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ നാട്ടകത്ത് ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ് ലിമിറ്റഡി (ടി ഇ സി എല്‍)ന്റെ കൈവശമുള്ള 11.25 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്‌പോര്‍ട്‌സ് കോളജ് തുടങ്ങാന്‍ വിട്ടുനല്‍കും. പാലക്കാട് താലൂക്കില്‍ 4.65 ആര്‍ സ്ഥലം എക്‌സൈസ് കോംപ്ലക്‌സിന് നല്‍കും. ഹരിപ്പാട് പല്ലന കുമാരകോടി പാലത്തിന് 30.25 കോടിയുടെ പുതുക്കിയ ഭരണാനുമതി നല്‍കി. മലപ്പുറം നിലമ്പൂര്‍, പിറവന്തൂര്‍ താലൂക്കുകളില്‍ വ്യവസായ ഓഫീസുകള്‍ തുടങ്ങും. കോട്ടയം പ്രിയദര്‍ശനി കോപറേറ്റീവ് സിപിന്നിംഗ് മില്ലിന് സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ 38.49 കോടിയും മാളയിലെ കെ കരുണാകരന്‍ മെമ്മോറിയല്‍ സ്പിന്നിംഗ് മില്ലിന് 24.13 കോടിയും കോട്ടയം പവര്‍ലൂം സഹകരണ സംഘത്തിന് 13.65 കോടിയുടെയും പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രി സഭ തീരുമാനിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here