Connect with us

Kerala

ആരോഗ്യ മേഖലയില്‍ 1517 ഒഴിവുകള്‍

Published

|

Last Updated

പകര്‍ച്ചപ്പനികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് ഡോക്ടര്‍മാരും നഴ്‌സുമാരമുള്‍പ്പെടെ മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ 1517 ഒഴിവുകളുണ്ടെന്ന് മന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. എന്‍ട്രി കേഡറില്‍ അസിസ്റ്റന്റ് സര്‍ജന്മാരുടെ 236 ഒഴിവുകളാണുള്ളത്. റിട്ടയര്‍മെന്റ്, പ്രമോഷന്‍, പ്ലേസമെന്റ് എന്നിവ മുന്നില്‍ക്കണ്ട് 518 അസിറ്റന്റ് സര്‍ജന്മാരുടെ ഒഴിവുകള്‍ പി എസ് സിക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആരോഗ്യവകുപ്പില്‍ നിലവിലുള്ള 667 ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ 582 പേരെ അഡ്‌ഹോക് വ്യവസ്ഥയിലും, എന്‍ ആര്‍ എച്ച് എം മുഖേന 706 പേരെയുംനിയമിച്ചു. നിലവില്‍ 1288 ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിന് ആവശ്യമുള്ള ഭൗതിക സാഹചര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടിത്തിലാണെന്നും എന്‍ എ നെല്ലിക്കുന്നിനെ മന്ത്രി ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ ഭാഗമായി അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജനാലകളും വാതിലുകളും തുറന്നിട്ട് ശസ്ത്രക്രീയ നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വി ശിവന്‍കുട്ടിയെ മന്ത്രി അറിയിച്ചു. 2004ല്‍ സ്ഥാപിച്ച എ സിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ബ്ലൂ സ്റ്റാറിന് 10,35,966 രൂപയ്ക്ക് എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ട്. എ സി ഇല്ലാത്ത ഓപ്പറേഷന്‍ തീയറ്ററിന്റെ ജനാലകളും വാതിലുകളുമാണ് തുറന്നിട്ടത്. ആ സമയത്ത് ഇവിടെ ഓപ്പറേഷന്‍ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രീയ തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എം എ വാഹിദ്, എം എ വിന്‍സന്റ്, സണ്ണി ജോസഫ്, ലൂഡി ലൂയിസ് എന്നിവരെ മന്ത്രി അറിയിച്ചു. കെ എന്‍ ഒ എസിന്റെ കീഴില്‍ കരള്‍മാറ്റത്തിന് 136പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള 30 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ക്കു പുറമെ അഞ്ചു കാരുണ്യ ഫാര്‍മസികളുടെ പ്രവര്‍ത്തനം കൂടു ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും.