Connect with us

Kerala

നഷ്ടപ്പെടാനിരിക്കുന്ന പൊതുജീവിതങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം: സമീപകാല കേരളം നേരിടാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പൊതുപ്രവര്‍ത്തകരുടെ ക്ഷാമം ആയിരിക്കുമെന്നാണ് നിയമസഭയില്‍ നടന്ന ചര്‍ച്ച കേട്ടപ്പോള്‍ തോന്നിയത്. മൂന്ന് പേരാണ് ഇന്നലെ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതും ചില്ലറക്കാരല്ല, സാക്ഷാല്‍ പി സി ജോര്‍ജ്ജാണ് ഒരുവന്‍. രണ്ടാമന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിന്നെ പി എ മാധവനും. മൂവര്‍ക്കും മിനിമം ഡിമാന്‍ഡുണ്ട്. പറയുന്ന കാര്യം തെളിയിച്ച് കാണിച്ച് കൊടുക്കണം. ഈ കണക്കിനാണ് പോക്കെങ്കില്‍ പൊതുജീവികളുടെ ക്ഷാമം പരിഹരിക്കാന്‍ ബജറ്റില്‍ പ്രത്യേക പദ്ധതി തന്നെ വേണ്ടി വരും.
നടക്കില്ലെന്ന് ഉറപ്പായതോടെ ഇട്ടേച്ച് പോയ ദേശീയ ഗെയിംസ് സമയബന്ധിതമായി നടത്തിയിട്ടും പഴി കേള്‍ക്കേണ്ടി വന്നതാണ് പൊതുജീവിതം നിര്‍ത്താന്‍ തിരുവഞ്ചൂരിനെ പ്രേരിപ്പിച്ചത്. വ്യക്തിപരമായി ഒരു നേട്ടവുമുണ്ടാക്കിയിട്ടില്ല, മറിച്ച് തെളിയിച്ചാല്‍ പൊതുജീവിതം നിര്‍ത്തും തിരുവഞ്ചൂര്‍ നയം വ്യക്തമാക്കി.
ചന്ദ്രബോസ് കൊലകേസ് വിവാദത്തിലാണ് മറ്റുരണ്ടുപേരുടെ പൊതുജീവിതം തൂങ്ങിയത്. നിസാം കേസ് അട്ടിമറി ആയുധമാക്കിയുള്ള അടിയന്തിരപ്രമേയ നോട്ടീസാണ് “കടുത്ത” തീരുമാനം പ്രഖ്യാപിക്കാന്‍ പി സി ജോര്‍ജ്ജിനെ പ്രേരിപ്പിച്ചത്.
നിസാം കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതായി പി സി ജോര്‍ജ്ജ് പറഞ്ഞെന്നായിരുന്നു നോട്ടീസിലെ പരാമര്‍ശം. രാവിലെയും വൈകുന്നേരവും നിലപാട് മാറ്റിയാലും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്ന ശീലം ജോര്‍ജ്ജിന്റെ കൈമുതലാണ്. ഡി ജി പിയെക്കുറിച്ചല്ലാതെ, മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉറക്കത്തില്‍ പോലും പറഞ്ഞിട്ടില്ല. പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം നിര്‍ത്തുക മാത്രമല്ല, എം എല്‍ എ സ്ഥാനവും രാജിവെക്കുമെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. തന്നെ സുഖിപ്പിച്ചെങ്കിലും ജോര്‍ജ്ജിനോട് മൃദുസമീപനമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഡി ജി പിയില്‍ വിശ്വാസമുണ്ടെന്ന് രാവിലെയും വൈകുന്നേരവും ആഭ്യന്തരമന്ത്രി പറയുന്നത് സര്‍ക്കാര്‍ നിലപാടാണ്. ഇതിനോട് വിയോജിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. സര്‍ക്കാറിന്റെ ഭാഗമായി നിന്നുള്ള വിയോജിപ്പ് നടക്കില്ലെന്നും ഉമ്മന്‍ചാണ്ടി.
അടിയന്തിരപ്രമേയം സംവിധാനിച്ച ബാബു എം പാലിശ്ശേരിയുടെ പരാമര്‍ശമാണ് പി എ മാധവനെ ചൊടിപ്പിച്ചത്. തൃശൂര്‍ ഡി സി സി പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ കുട്ടിയും മാധവനും ചേര്‍ന്ന് നിസാമിനെ ജയിലില്‍ കണ്ടെന്നായിരുന്നു പാലിശ്ശേരിയുടെ കണ്ടെത്തല്‍. ഒരേ ഒരു അച്ഛന് ജനിക്കുകയും ഇതുവരെ പേര് മാറ്റേണ്ടി വരികയും ചെയ്തിട്ടില്ലാത്തതിനാല്‍ ഇത്രയും ഹീനമായൊരു കൃത്യം നടത്തിയ നിസാമിനെ താന്‍ ജയിലില്‍ പോയി കാണില്ല. മറിച്ച് തെളിയിക്കാന്‍ പാലിശ്ശേരിക്ക് കഴിഞ്ഞാല്‍ മാധവനും പൊതുജീവിതം നിര്‍ത്തും.
മാണി എഴുന്നേറ്റാല്‍ ബഹളവും തുടങ്ങുമെന്നതാണ് നിയമസഭയിലെ സ്ഥിതി. അതിനാല്‍, മാണി പറയേണ്ട മറുപടി കൂടി മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നു. റവന്യുറിക്കവറിക്ക് സ്റ്റേ നല്‍കിയ വകയില്‍ കോടികള്‍ മാണിയുടെ കീശയിലെത്തിയെന്ന ശിവന്‍കുട്ടിയുടെ ആക്ഷേപത്തിനും മുഖ്യമന്ത്രിയാണ് മറുപടി പറഞ്ഞത്. നിയമം അനുസരിച്ചായിരുന്നു മാണിയുടെ സ്റ്റേ. എന്നാല്‍, നിയമം ലംഘിച്ച് പരിയാരം മെഡിക്കല്‍ കോളജിന് 173 കോടി രൂപയുടെ സ്റ്റേ താന്‍ തന്നെ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.
മാണി കഴിഞ്ഞ ദിവസം അന്തിക്രിസ്തുവിനെ കാണാന്‍ ഇടയായ സാഹചര്യം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിശദീകരിച്ചു. നാശകാലത്താണ് അന്തിക്രിസ്തു ജനിക്കുന്നത്. മാണിയുടെ നാശകാലമാണ് ഇപ്പോള്‍. അതിനാല്‍ ഊണിലും ഉറക്കിലും ചിന്തകളിലുമെല്ലാം അന്തിക്രിസ്തുവിനെ മാത്രമാണ് കാണുന്നത്.
ഉമ്മന്‍ചാണ്ടിയുടെ കള്ളം പറയല്‍ സെല്ലിന്റെ സ്വയംപ്രഖ്യാപിത കണ്‍വീനര്‍ സ്ഥാനത്തുള്ള പി സി വിഷ്ണുനാഥിനെ സത്യം മാത്രം പറയാന്‍ വി എസ് ഉപദേശിച്ചു. പറ്റില്ലെങ്കില്‍ കള്ളത്തരം മാത്രം ഭക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ ശിഷ്യനായി തുടരാമെന്നും വി എസ്.പാതി രാത്രി സ്വന്തം വീട്ടില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്ന വി എസിനെയാണ് ബെന്നിബഹ്‌നാന്‍ അവതരിപ്പിച്ചത്. ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷികള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ സി പി എം സമ്മേളനത്തിനെത്തിയവരെ പൊതിരെ തല്ലുമായിരുന്നുവെന്നും ബെന്നി.
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ പ്രതിപക്ഷത്താല്‍ അപമാനിക്കപ്പെടുന്നതില്‍ വേദനിച്ചു പാലോട് രവി. സഭാസ്തംഭനത്തിന്റെ ചരിത്രം വിശദീകരിച്ച് ഇതിന് തെളിവ് നിരത്തി. തട്ടിപ്പുകാരിയുടെ പേരില്‍ കുറെ ദിവസം, മദ്യ കച്ചവടക്കാരന്റെ ഊഴമായി പിന്നീട്, വാളകത്ത് നടന്ന അപകടവും മുന്‍ മന്ത്രിയുടെ കുടുംബകലഹം വരെയും സഭ സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം ആയുധമാക്കി.
രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും രവി പറഞ്ഞു.സമരം ചെയ്യാന്‍ ആവശ്യമായ വഴികള്‍ ഭരണപക്ഷത്ത് നിന്നുള്ളവര്‍ തുറന്ന് തന്നാല്‍ ഏറ്റെടുക്കുന്നത് സ്വാഭാവികമാണെന്ന് എ കെ ബാലന്‍. നയം തൊട്ടുതീണ്ടിയിട്ടില്ലാത്ത നയപ്രഖ്യാപനത്തിന് നല്ല വിശ്വാസിയായ അബ്ദുസമദ് സമദാനിയാണ് നന്ദിപ്രമേയം അവതരിപ്പിച്ചതെങ്കിലും പിന്തുണക്കാന്‍ മനസ് വരുന്നില്ലെന്നും ബാലന്‍. ഡി വൈ എഫ് ഐയുടെ ബീഫ് ഫെസ്റ്റ് മാത്രമാണ് അടുത്തകാലത്തെ വിജയിച്ച സമരമെന്ന് പി ഉബൈദുല്ല പരിഹസിച്ചു. അത് വിജയിപ്പിച്ചതാകട്ടെ, മുസ്‌ലിം ലീഗുകാരും.
പ്രകാശം പരത്തുന്ന ചന്ദ്രനെ പോലെ ബജറ്റുമായി വരുന്ന മാണിയെ തടയാന്‍ കഴിയില്ലെന്ന് തോമസ് ഉണ്ണിയാടന്‍ . സൂര്യശോഭയോടെ വരുന്ന മാണിക്കെതിരായ പ്രതിപക്ഷ നിലപാട് ഓരിയിടുന്ന കുറുക്കനെ പോലെയാണെന്നും ഉണ്ണിയാടന്‍. യു ഡി എഫ് കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റിയെന്ന് എളമരം കരീം. അഴിമതിയെന്ന ഉമ്മാക്കി കാണിച്ച് ബജറ്റ് തടയാന്‍ നോക്കേണ്ടെന്ന് ആര്‍ എസ് പിയിലെ എ എ അസീസും. കൂടെ നിന്ന് ചെയ്ത സമരങ്ങള്‍ തലയില്‍ മുണ്ടിട്ട് അവസാനിപ്പിക്കേണ്ട ഗതികേടുണ്ടായെന്നും അസീസ് ഓര്‍ത്തു.

Latest