Connect with us

Kerala

ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ എസ് ഐ രണ്ട് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു

Published

|

Last Updated

വെമ്പായം: ജാമ്യവ്യവസ്ഥയില്‍ ഇളവ് വരുത്താന്‍ ജാമ്യത്തിലിറങ്ങിയ ക്രിമിനല്‍ കേസ് പ്രതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട ശബ്ദരേഖ പുറത്തായി. സംഭവത്തെ തുടര്‍ന്ന് കൈക്കൂലി ആവശ്യപ്പെട്ട വെഞ്ഞാറമൂട് എസ് ഐയെ സ്ഥലം മാറ്റി. കോടതി നിബന്ധനകള്‍ ലംഘിച്ച് സ്വന്തം വീട്ടില്‍ കഴിയാനും സ്‌റ്റേഷനില്‍ ഒപ്പിടാതിരിക്കാനുമാണ് എസ് ഐ രാജ് കുമാര്‍ പ്രതിയോട് പണം ആവശ്യപ്പെട്ടത്. പണം ആവശ്യപ്പെടുന്നതിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്തായതോടെ എസ് ഐക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
വധശ്രമക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഞ്ജിത്തിന് ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. ജില്ലയില്‍ താമസിക്കാന്‍ പാടില്ല, ആഴ്ചയില്‍ രണ്ട് ദിവസം വെഞ്ഞാറമൂട് എസ് ഐക്കു മുന്നില്‍ ഒപ്പിടണം ഇതായിരുന്നു ജാമ്യവ്യവസ്ഥ.
കൊല്ലം ജില്ലയില്‍ നിന്നും ആദ്യദിവസം ഒപ്പിടാനെത്തിയപ്പോഴേക്കും എസ് ഐ സഹായവാദ്ഗാനം നല്‍കിയതായി രഞ്ജിത്ത് പറഞ്ഞു. ജില്ലയില്‍ താമസിക്കാനും ഒപ്പിടാതിരിക്കാനും രണ്ട് ലക്ഷം രൂപയാണ് എസ് ഐയും ഇടനിലക്കാരനായ പോലീസുകാരനും ആദ്യം ആവശ്യപ്പെട്ടത്. ഒടുവില്‍ 50,000 രൂപ ക്വാര്‍ട്ടേഴ്‌സിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈയില്‍ പണമില്ലെന്നും കുഞ്ഞിന്റെ സ്വര്‍ണം വിറ്റ് പണം നല്‍കാമെന്നും, പണം നല്‍കിയിട്ടേ ഞാന്‍ ഒപ്പിടൂവെന്നും ഫോണ്‍ സംഭാഷണത്തില്‍ രഞ്ജിത്ത് പറയുന്നുണ്ട്. സ്വര്‍ണം വിറ്റാല്‍ 50,000 രൂപയേ ലഭിക്കുകയൂള്ളൂ അതിനാല്‍ തുക കുറക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെടുന്നുണ്ട്. പറയുന്നതു പോലെ ചെയ്യുന്ന ആളല്ല നീയെന്നും പുറത്തറിഞ്ഞാല്‍ എന്റെ ജോലി നഷ്ടമാകുന്ന കാര്യമാണെന്നും എസ് ഐ പറയുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്.
തുക സംബന്ധിച്ച് വിലപേശലിനായി നിരവധി ഫോണ്‍കാളുകളാണ് നടന്നത്. ഇവ റെക്കോര്‍ഡ് ചെയ്ത രഞ്ജിത്ത് വിജിലന്‍സിനും ആഭ്യന്തര വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. ഏറെ നാളായി ഈ എസ് ഐ യെകുറിച്ച് വ്യാപകമായ ആരോപണമാണ് നിലനില്‍ക്കുന്നത്. പരാതി വ്യാപകമായിട്ടും സര്‍ക്കാരിലുള്ള പിടിപാടുപയോഗിച്ച് അവ അതിജീവിച്ചുവരിയായിരുന്നുവെന്നാണ് സൂചന. ശബ്ദരേഖ പുറത്ത് വന്നിട്ടും എസ് ഐ യെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൈക്കൂലി ആവശ്യപ്പെട്ട എസ് ഐ യെ പുറത്താക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം എല്‍ എ ആവശ്യപ്പെട്ടു.

Latest