Connect with us

Kerala

സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്‌

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ ഓഫീസിലും താമസസ്ഥലങ്ങളിലും കോഴിക്കോട് വിജിലന്‍സ് വിഭാഗം റെയ്ഡ് നടത്തി. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അജയ്‌ഘോഷിന്റെ മേയര്‍ ഭവനോട് ചേര്‍ന്നുള്ള കെട്ടിടസമുച്ചയത്തിലെ ക്വാര്‍ട്ടേഴ്‌സിലും എറണാകുളത്ത് വൈറ്റിലയിലെ വീട്ടിലും കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലുമാണ് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി ഡി വിജയന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന റെയ്ഡില്‍ സാമ്പത്തിക സ്വത്ത് ഇടപാടുകള്‍ സംബന്ധിച്ച രേഖകളും മറ്റും കണ്ടെടുത്തതായി വിജിലന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു. കോഴിക്കോട്ടെ കോര്‍പറേഷന്‍ ഓഫീസില്‍ നടന്ന റെയ്ഡില്‍ ഓഫീസ് രേഖകളാണ് വിജിലന്‍സ് വിഭാഗം പിടിച്ചെടുത്തത്. വൈറ്റിലയിലെ വസതിയിലും കോര്‍പറേഷന്‍ ഓഫീസിലും ക്വാര്‍ട്ടേഴ്‌സിലുമെല്ലാം ഒരേ സമയത്തായിരുന്നു റെയ്ഡ് നടത്തിയത്. സ്‌പെഷ്യല്‍ സെല്‍ എസ് പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ വിജിലന്‍സ് ഡി വൈ എസ് പി മാരായ എം സി ദേവസ്യ, കെ കെ രാധാകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍മാരായ എ ആര്‍ രമേശ്, വി സുരേഷ്, ജി ബാലചന്ദ്രന്‍, പി ഷിബു പങ്കെടുത്തു.
കോഴിക്കോട് കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനീയറായ അജയ്‌ഘോഷ് ക്രമക്കേടുകള്‍ നടത്തി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. കോര്‍പറേഷനിലെ ഭരണ പക്ഷത്തിന്റെ പിന്തുണയോടെയാണ് അജയ്‌ഘോഷ് ക്രമക്കേട് നടത്തുന്നതെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം പരാതി ഉന്നയിച്ചിരുന്നു. അതിനിടെ തന്റെ വിഭാഗത്തിലെ ഒരു വനിതാ എന്‍ജിനീയറോട് അജയ്‌ഘോഷ് അപമര്യാദയായി പെരുമാറിയതായി ആരോപണമുയര്‍ന്നിരുന്നു.

Latest