Connect with us

Eranakulam

ജനപ്രിയ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ ഒഴിവാക്കുന്നു

Published

|

Last Updated

കൊച്ചി: ജനപ്രിയ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ എടുത്തകളയാന്‍ തീരുമാനം. വേണാട്, പരശുറാം എക്‌സ്പ്രസ് ട്രെയിനുകളിലാണ് ഈ മാസം 15 മുതല്‍ ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം ആരംഭിച്ചത്. കോച്ചുകളുടെ സേവനം നിര്‍ത്തുന്നതായി കാട്ടി ദക്ഷിണ റെയില്‍വേ സ്റ്റേഷനുകളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. 15 മുതല്‍ ട്രെയിനുകളില്‍ ഫസ്റ്റ് ക്ലാസ് കോച്ചുകളുടെ സേവനം ഉണ്ടാവാത്തതിനാല്‍ സീസണ്‍ യാത്രക്കാര്‍ പകരം സംവിധാനമായി സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ സ്വീകരിക്കണമെന്നാണ് റെയില്‍വേ ചട്ടങ്ങള്‍ പോലും പാലിക്കാതെയാണ് കോച്ചുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം. പൊടുന്നനെയുള്ള റെയില്‍വേയുടെ തീരുമാനം നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
ദിവസേന 250 മുതല്‍ 300 വരെ യാത്രക്കാരാണ് വേണാട്, പരശുറാം എക്‌സ്പ്രസ് ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ യാത്ര ചെയ്യുന്നത്. ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ ആവശ്യത്തിന് യാത്രക്കാര്‍ ഉണ്ടെങ്കില്‍ കോച്ചിന് തകരാര്‍ സംഭവിച്ചാല്‍ പോലും പകരം എസി ചെയര്‍ക്ലാസില്‍ യാത്രക്ക് സൗകര്യം ഒരുക്കണമെന്നാണ് ഐ ആര്‍ സി എ റെയില്‍ കോച്ച് താരിഫ് ആക്റ്റില്‍ പറയുന്നത്.
ഇതില്‍ സോണല്‍ ജി എം എക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാവുന്നതാണ്. ഇതു നിലനില്‍ക്കെയാണ് ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ ഒരേ സമയം ഒഴിവാക്കുകയും പകരം സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്നത്.
യാത്രക്കൊപ്പം ജോലിയും നടക്കുമെന്നതിനാലാണ് ഇവരില്‍ പലരും ഫസ്റ്റ് ക്ലാസ് കോച്ച് തിരഞ്ഞെടുക്കുന്നത്. സെക്കന്‍ഡ് ക്ലാസിലേക്ക് യാത്ര മാറുന്നതോടെ പലരുടെയും സ്വകാര്യതക്കാണ് തടസം നേരിടുന്നത്. അതേസമയം തീരുമാനം പുന:പരിശോധിക്കാന്‍ റെയില്‍വേ തയാറായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് റെയില്‍വേഅപ്പര്‍ക്ലാസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest