മാണിയെ തടയാന്‍ പ്രതിപക്ഷവും യുവമോര്‍ച്ചയും; സുരക്ഷാ സന്നാഹമൊരുക്കി പോലീസ്‌

Posted on: March 12, 2015 6:00 am | Last updated: March 11, 2015 at 11:47 pm
SHARE

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനായി നിയമസഭയിലേക്കെത്തുന്ന ധനമന്ത്രി കെ എം മാണിയെ തടയാന്‍ ശക്തമായ പ്രക്ഷോഭത്തിന് ഇടതുപക്ഷവും, യുവമോര്‍ച്ചയും നേതൃത്വം കൊടുക്കുമ്പോള്‍ ഇതിനെ നേരിടാന്‍ ശക്തമായ സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയാണ് പോലീസ്. സുരക്ഷാ സന്നാഹത്തിന്റെ ഭാഗമായി നിയമസഭക്ക് ചുറ്റും അഞ്ചു എസ് പിമാര്‍, 19 ഡിവൈ. എസ് പിമാര്‍, 29 സി ഐമാര്‍, 127 എസ് ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2500 പോലീസുകാരെയാണ് സമരക്കാരെ നേരിടാനായി ആഭ്യന്തര വകുപ്പ് രംഗത്തിറക്കിയിരിക്കുന്നത്.
ധനകാര്യ മന്ത്രിയെയും മറ്റുമന്ത്രിമാര്‍ ഉള്‍പ്പെടെ നിയമസഭ അംഗങ്ങളെയും സുരക്ഷിതമായി സഭയിലേക്കെത്തിക്കുന്നതിന് വ്യക്തമായ പദ്ധതിക്ക് പോലീസ് രൂപം നല്‍കും. ഇതിന് പുറമെ ഷാഡോ പോലീസ്, വനിതാപോലീസ്, കമാന്‍ഡോഫോഴ്‌സ് എന്നിവയെയും ഉള്‍പ്പെടുത്തും. സുരക്ഷയുടെ ഭാഗമായി നഗരത്തില്‍ കൂടുതല്‍ ഭാഗങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. നിലവില്‍ കേടായ ക്യാമറകല്‍ റിപ്പയര്‍ ചെയ്യും. നിയമസഭാ പരിസരം, സെക്രട്ടേറിയറ്റ് പരിസരം, സ്റ്റാച്യു, കിഴക്കേകോട്ട, പാളയം രക്തസാക്ഷി മണ്ഡപം, പട്ടം, പി എം ജി, വെള്ളയമ്പലം, ലോകമാഹായുദ്ധ സ്മാരകം, പൂജപ്പുര എന്നിവിടങ്ങളില്‍ ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി കോര്‍പറേഷന്‍ പരിധിയിലെ 21 വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും യുവമോര്‍ച്ചയും നാളെ നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ധനമന്ത്രിയെ എന്ത് വില കൊടുത്തും ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയുമെന്ന് ഇടതുമുന്നണി നല്‍കിയ മുന്നറിയിപ്പ് നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ സഭയില്‍ ചോരപ്പുഴ ഒഴുകുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പിനെ പോലീസും സര്‍ക്കാറും നിസ്സാരമായി കാണുന്നില്ല. ഇടതുമുന്നണി ആസൂത്രിതമായി നടത്തിട്ടും സോളാര്‍ സമരത്തില്‍ വീഴ്ചകളുണ്ടായ പശ്ചാത്തലത്തില്‍ നാളെ നടക്കുന്ന സമരത്തിന്റെ രീതി ഇടതുപക്ഷം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിയമസഭയുടെ നാല്‌ഗേറ്റുകളും പതിനായിരത്തിലധികം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്ന് യുവമോര്‍ച്ച അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭക്ക് സമീപത്തുള്ള ലോകമഹായുദ്ധ സ്മാരകം കേന്ദ്രീകരിച്ചാണ് യുവമോര്‍ച്ചയുടെ സമരം. സഭയിലേക്ക് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. 13 ന് പുലര്‍ച്ചെയോടെ നിയമസഭയുടെ നാല് കവാടങ്ങളും പൂര്‍ണമായും ഉപരോധിക്കും. സഭയിലേക്കുള്ള റോഡുകളിലും പ്രതിഷേധക്കാര്‍ നിലയുറപ്പിക്കും. ബജറ്റ് അവതരണത്തില്‍ പങ്കെടുക്കുന്നതിന് വേണ്ട കരുതല്‍ നടപടികള്‍ ഇന്ന് ചേരുന്ന യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.