Connect with us

Editorial

ഒടുവില്‍ മന്‍മോഹനും

Published

|

Last Updated

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു, സി ബി ഐ കോടതി. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി, ജനപ്രതിനിധിയെന്ന നിലയില്‍ വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഹിന്‍ഡാല്‍കോ ഉടമ കുമാര്‍ മംഗലം ബിര്‍ള, ഉദ്യോഗസ്ഥരായ ശുബേന്ദു അമിതാഭ്, ഡി ഭട്ടാചാര്യ, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി പരഖ് തുടങ്ങി കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം ഏപ്രില്‍ എട്ടിന് കോടതിയില്‍ നേരിട്ടു ഹാജരാകാനും മുന്‍ പ്രധാനമന്ത്രിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.
കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് ഒഡീഷയിലെ തലബിര രണ്ട്, മൂന്ന് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നതാണ് ആരോപണം. കല്‍ക്കരിപ്പാടങ്ങളുടെ വിതരണം മത്സരാടിസ്ഥാനത്തില്‍ നടത്താന്‍ 2004ല്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം മറികടന്നു കമ്പനിക്ക് ലേലം കുടാതെ കുറഞ്ഞ തുകക്ക് ലൈസന്‍സ് നല്‍കിയതു വഴി 186 ലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമുണ്ടായതായി സി എ ജി കണ്ടെത്തുകണ്ടായി. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫിസ് എടുത്ത തീരുമാനം സുതാര്യമല്ലെന്ന് കോടതിയും നിരീക്ഷിച്ചു. മന്‍മോഹന്‍ സിംഗായിരുന്നു അന്ന് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. ഇതടിസ്ഥാനത്തില്‍ കുംഭകോണക്കേസില്‍ മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തുവന്നു. കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന എസ് പി ചൗരസ്യയെപ്പോലെയുള്ള ചില സി ബി ഐ ഉദ്യോഗസ്ഥര്‍ തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെടുകയുമുണ്ടായി. 2013 ഒക്‌ടോബറില്‍ ചൗരസ്യ തയാറാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കമ്പനി മേധാവികള്‍ക്കുമൊപ്പം മന്‍മോഹന്‍ സിംഗിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നത്. പ്രസ്തുത നിര്‍ദേശം അന്ന് സി ബി ഐ ഡയറക്ടറും സുപ്രീം കോടതിയും നിരാകരിക്കുകയായിരുന്നു. കേസില്‍ കല്‍ക്കരി സെക്രട്ടറിയെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയേയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതി അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹരജിയിലാണ് അദ്ദേഹത്തെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്. 2013 ഒക്‌ടോബറില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിപദത്തിലിരിക്കുന്ന വേളയിലായിരുന്നു ഈ ഉത്തരവ്. ഇതടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ നായര്‍, കല്‍ക്കരി വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി ജാവേദ് ഉസ്മാനി എന്നിവരുടെ മൊഴികൊണ്ട് മതിയാക്കുകയായിരുന്നു സി ബി ഐ. പിന്നിട് കേസിന്റെ പുരോഗതിക്കിടെ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യേണ്ടതാവശ്യമാണെന്ന് കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതിക്കു തന്നെ ബോധ്യംവന്നു. എന്തു കൊണ്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാതിരുന്നതെന്നും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നത് സിംഗിന്റെ കൂടി മൊഴി അനിവാര്യമല്ലേ എന്നും കോടതി സി ബി ഐയോട് ആരാഞ്ഞു. ഇതടിസ്ഥാനത്തില്‍ ജനവരി 18 ന് മന്‍മോഹന്‍ സിംഗിന്റെ ഒദ്യോഗിക വസതിയായ മോത്തിലാല്‍ നെഹ്‌റു മാര്‍ഗില്‍ വെച്ചു ഉന്നത സി ബി ഐ സംഘം അദ്ദേഹത്തെ ചോദ്യംചെയ്തു. അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടതും ഇതിന്റെ തുടര്‍ നടപടികളാണ്. കുംഭകോണത്തില്‍ മുന്‍ പ്രധാന മന്ത്രിയുടെ പങ്ക് സംശയിക്കത്തക്കതാണെന്ന് അന്വേഷണ ഏജന്‍സിയുടെ ഈ നിലപാടില്‍ നിന്ന് വായിച്ചെടുക്കാകുന്നതാണ്.
രാജ്യംകണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കല്‍ക്കരിപ്പാടം വിതരണത്തില്‍ നടന്നത്. സി ഐ ജി യുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അന്വേഷണം സി ബി ഐ ഏറ്റെടുത്തെങ്കിലും കേസ് അട്ടിമറിക്കാന്‍ പിന്നീട് നിരന്തര സമ്മര്‍ദമുണ്ടായി. സി ബി ഐ തയാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് തിരുത്തിയതും കേസില്‍ കുമാരമംഗലം ബിര്‍ളക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് കോടതിയെ അറിയിച്ച സി ബി ഐ, കോടതിയുടെ ശക്തമായ നിലപാട് കാരണം തെളിവുകളുണ്ടെന്ന് മാറ്റിപ്പറഞ്ഞതും അട്ടിമറി നീക്കത്തിലേക്കുള്ള വ്യക്തമായ സൂചനകളാണ്. അതിനിടെ കേസിലെ നിര്‍ണായകമായ കുറേ ഫയലുകള്‍ നഷ്ടപ്പെടുകയുമുണ്ടായി. കല്‍ക്കരിപ്പാടം അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതായിരുന്നുവെന്ന കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പരേഖനിന്റെ പ്രസ്താവനയോടെ സംഭവത്തില്‍ മന്‍മോഹന്‍ സിംഗിന്റെ പങ്കിനെക്കുറിച്ച സന്ദേഹം ബലപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ് നീതിയും ന്യായവും. കുറ്റാരോപിതര്‍ ഏത്ര ഉന്നതെങ്കിലും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. നിരപരാധികളെങ്കില്‍ അവര്‍ നിയമത്തിന്റെ വഴികളിലൂടെയാണ് സമൂഹത്തെ അത് ബോധ്യപ്പെടുത്തേണ്ടത്. സുപ്രീം കോടതിയുടെ കടുത്ത നിലപാടുകള്‍ക്കൊടുവില്‍ സി ബി ഐ മന്‍മോഹനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സിയുടെയും കോടതിയുടെയും അന്തിമതീര്‍പ്പിനായി കാതോര്‍ത്തിരിക്കയാണ് ഇന്ത്യന്‍ ജനത.