ഫാസിസ്റ്റ് തൊഴുത്തിലെ പാവം പശുദൈവങ്ങള്‍

Posted on: March 12, 2015 5:45 am | Last updated: March 11, 2015 at 10:46 pm
SHARE

cowമഹാരാഷ്ട്രയില്‍ ഗോവധ നിരോധം ഏര്‍പ്പെടുത്തിയതോടെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്നത്. ഹൈദ്രാബാദ് യൂനിവെഴ്‌സിറ്റിക്ക് മുമ്പില്‍ ബീഫ് ബിരിയാണി വിതരണം ചെയ്തുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പ്രിതിഷേധം അറിയിച്ചത്. ഇഫഌ ഉള്‍പ്പെടെയുളള വിവിധ സര്‍വകലാശാലകളിലും ബി ജെ പി സര്‍ക്കാറിന്റെ പക്ഷപാതപരമായ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ യൂനിയനുകള്‍ രംഗത്തുവന്നിട്ടുണ്ട്. പൂനൈയിലെ ബീഫ് ട്രൈഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ സുപ്രീം കോടതിയയെ സമീപിക്കാനിരിക്കുകകയാണ്.1995ലെ ബി ജെ പി- ശിവസേന ഭരണകാലത്ത് കൊണ്ടുവന്ന മൃഗ സംരക്ഷണ നിമയമാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കിയതോടെ സംസ്ഥാനത്ത് നിയമമായത്. ഭരണത്തിലെത്തെത്തുമ്പോള്‍ സ്വയം പ്രഖ്യാപിത സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി അധികാരവും നിയയമവും ഉപയോഗിക്കുന്ന ബി ജെ പിയുടെയും ന്യൂനപക്ഷവിരുദ്ധതയുടെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ബി ജെ പിയെ പിന്തുണക്കുന്ന ശിവസേനയുടെയും പതിവ് ശൈലി തന്നെയാണ് മഹാരാഷ്ട്രയിലും സംഭവിച്ചിരിക്കുന്നത്.
പുതിയ നിയമത്തിലൂടെ, മാട്ടിറച്ചി വ്യപാരം വഴി ഉപജീവനം കണ്ടെത്തുന്ന ഒരു കോടിയിലധികം വരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുകയാണ്. സാമൂഹിക പ്രശ്‌നങ്ങളോ അനാരോഗ്യപരമായ ഭവിഷ്യത്തുകളോ ഒന്നും ചൂണ്ടിക്കാണിക്കാതെയാണ് ഇപ്പോള്‍ നിരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാട്ടിറച്ചി വ്യാപരാവുമായി ബന്ധപ്പെട്ട് കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന സമൂഹത്തോടുള്ള വിദ്വേഷവും ഈര്‍ഷ്യതയുമാണ് മാട്ടിറച്ചി നിരോധത്തിലൂടെ വ്യക്തമായത്. മാത്രമല്ല, മുസ്‌ലിം വിരോധം ഉള്‍ച്ചേര്‍ന്നൊരു നിമയ പരിഷ്‌കാരത്തിലൂടെ, ‘ഭൂരിപക്ഷ’ മാനസികാവസ്ഥയെ പ്രീതിപ്പെടുത്തലുമാകാം. മതേതര ഇന്ത്യയിലെ ഒരു പൗരന്‍ എന്തു കാഴിക്കണം, എന്തു കഴിക്കരുത് എന്ന് ശഠിക്കുന്ന ഫാസിസത്തിന്റെ ഭീകരമായൊരു അവസ്ഥാവിശേഷമാണ് മഹാരാഷ്ട്രയില്‍ പുതിയ നിയമനിര്‍മാണത്തോടെ സംജാതമായിരിക്കുന്നത്. രാജ്യമാകെ പടര്‍ന്നുപിടിക്കുന്ന ഒരുതരം അപരമത വിദ്വേഷത്തിന്റ അവതരണമാണ് ഭരണത്തിലേറിയ ശേഷം ബി ജെ പിയുടെ കാര്‍മികത്വത്തില്‍ നിയമനിര്‍മാണങ്ങളായി രൂപപ്പെട്ടുവരുന്നത്. ശരീരത്തിന് പോഷകങ്ങളും ഊര്‍ജവും ആരോഗ്യവും ഉണര്‍വും പ്രദാനം ചെയ്യുന്ന മാട്ടിറച്ചിക്ക് നിരോധം ഏര്‍പ്പെടുത്തിയിതിന് ന്യൂനപക്ഷ വിരുദ്ധത എന്നല്ലാതെ എന്തു ന്യായീകരണമാണ് ബി ജെ പിക്കും ശിവസേനക്കും നല്‍കാനുള്ളത്.
നിരോധിക്കാനുള്ള നിയമം രൂപവത്കരിക്കുക വഴി ബീഫ് വിരുദ്ധത പ്രകടിപ്പിക്കുന്ന ഹിന്ദുത്വ ദര്‍ശനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് ചരിത്ര യാഥാര്‍ഥ്യം. വൈദിക കാലഘട്ടത്തിലെ ഹിന്ദുക്കള്‍ വ്യാപകമായി ഇറച്ചി കഴിച്ചിരുന്നു. ആ കാലഘട്ടത്തില്‍ പോലും ഹൈന്ദവ വിശ്വാസികള്‍ക്ക് മാംസാഹാരം കഴിക്കുന്നതിന് നിയന്ത്രണങ്ങളേതുമില്ലായിരുന്നു എന്നതാണ് ചരിത്രമതം. ലക്ഷക്കണക്കിന് ബലിമൃഗങ്ങളെ യാഗം ചെയ്ത് ബലിക്കല്ലില്‍ ചോരയൊഴുക്കിയ പാരമ്പര്യമുള്ള സംസ്‌കാരത്തിന് ഇപ്പോള്‍ പുതിയ സംസരക്ഷരുടെ കാലത്ത് പശുക്കളോട് മാത്രം സഹതാപം തോന്നുന്നതിന് ചരിത്രപരമായ സാധൂകരണമില്ല. ഹിന്ദുമത നവോത്ഥാന നായകനായ സ്വാമി വിവേകാന്ദന്‍ ഇറച്ചി കഴിച്ച പരിഷ്‌കര്‍ത്താവാണ്. ചുവരുകളില്‍ ചിത്രം പതിക്കുകയും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഫോട്ടോ ഉയര്‍ത്തുക മാത്രം ചെയ്താല്‍ പോരല്ലോ. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളേയും പിന്തുടരേണ്ടതല്ലേ? പിന്തുടരുന്നില്ലെങ്കില്‍ പോകട്ടെ, അറിഞ്ഞുവെക്കുകയെങ്കിലും വേണ്ടേ? യൂറോപ്പിലും അമേരിക്കയിലും സഞ്ചാരം നടത്തി പ്രഭാഷണങ്ങളും ധര്‍മസന്ദേശങ്ങളും കൈമാറിയ വിവേകാന്ദന്‍ ഗോമാംസത്തോട് യാതൊരു വൈര്യവും കാണിച്ചില്ലെന്ന് മാത്രമല്ല, കഴിക്കുകയും ചെയ്തു എന്നതാണ് ചരിത്ര സത്യം. ഇറച്ചി കഴിച്ച് സനാതന ഹിന്ദുവായി ജീവിക്കുന്ന പൂര്‍വകാല ചരിത്രത്തിന് വിരുദ്ധമാണ് നവഫാസിറ്റുകളുടെ മാതാചാര മുറകള്‍ എന്നാണ് ബീഫ് നിരോധം ഉള്‍പ്പെടെയുള്ള നീക്കങ്ങളില്‍ നിന്നും കൈമാറുന്ന സന്ദേശം.
ഈ സന്ദര്‍ഭത്തില്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് വിവേകാനന്ദന്‍ നടത്തിയ പ്രസ്താവന ഏറെ പ്രസക്തമാണ്. മതത്തെ നിങ്ങള്‍ അടുക്കളയില്‍ കൊണ്ടുപോയി കെട്ടരുത് എന്നാണ് അന്ന് വിവേകാന്ദന്‍ ഓര്‍മിപ്പിച്ചത്. എന്തു കഴിക്കണം, എന്തു കഴിക്കണ്ട എന്ന അടുക്കള ചര്‍ച്ചയിലേക്ക് ചുരുട്ടിക്കെട്ടേണ്ടതില്ല എന്ന് സ്വാമി ഉദ്‌ബോധിപ്പിച്ചു. എന്നാല്‍ കൊതി തീരാത്ത അക്രമോത്സുകതയും വികലമായ മതബോധവും രൂപപ്പെടുത്തിയ വലതു-ഫാസിസ്റ്റു ചിന്തകള്‍ സാംസ്‌കാരികമായ കൈയേറ്റത്തിനൊപ്പം രാജ്യത്ത് ഭക്ഷണത്തിനും ഭക്ഷ്യ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുകയാണ്.
കാഞ്ച ഇളയ്യയുടെ ‘എരുമ ദേശീയത’ പ്രസക്തമാകുന്നത്. അര്‍ഥശൂന്യമായ സവര്‍ണ പൊതുബോധത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുയാണദ്ദേഹം. ഇറച്ചി കഴിക്കുന്നതുകൊണ്ട് ശ്രൂദ്രരോടും പാണ്ഡാളരോടും ആദിവാസികളോടും ഹൈന്ദവ ബ്രാഹ്മണ ആത്മീയതയുടെ ഭാഗമായി അസഹിഷ്ണുത പുലര്‍ത്തുന്നത് അവിവേകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചായയിലൂടെയും സംഭാരത്തിലൂടെയും പാല്‍ അകത്താക്കുന്ന വരേണ്യ വിഭാഗം പോത്തിനെ തഴഞ്ഞ് എരുമയെ പരിഗണിക്കുന്ന എരുമ ദേശീയതയാണ് കാഞ്ച ഇളയ്യ വിഷയമാക്കുന്നത്. ഒരേ പുല്ല് ഭക്ഷിക്കുന്ന രണ്ട് ജീവികളില്‍ ഒന്നിന് മാത്രം ആത്മീയപരമായും രാഷ്ട്രീയപരമായും തൊട്ടുകൂടായ്മ കല്‍പ്പിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും കാഞ്ച ഉയര്‍ത്തുന്നുണ്ട്. സംസ്‌കൃത സാഹിത്യത്തില്‍ ബലി നല്‍കിയതിനും തെളിവുകളുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു.
നിരോധ നിയമം പ്രാബല്യത്തില്‍ വരുംമുമ്പെ തന്നെ ശിവസേന തെരുവുകളില്‍ അറവുശാലകള്‍ക്കും ഉടമകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടു. സംസ്ഥാനത്ത ഏറ്റവും കൂടുതല്‍ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്ന മുംബൈയിലെ ദിയോനേറിലാണ് ശിവസേനയുടെ നിയമവിരുദ്ധമായ കൈയേറ്റം നടന്നത്. നിയമത്തെക്കുറിച്ച് കേള്‍ക്കുമ്പോഴേക്കും അറവുശാലകള്‍ അടപ്പിക്കുന്ന തെരുവു ഭീകരതയുടെ ഊര്‍ജം ഫാസിസ്റ്റ് മനോഭാവമാണ്.
സംസ്ഥാനത്തെ ചാളകളില്‍ കഴിയുന്ന മനുഷ്യരുടെ മാംസത്തിനോ ഗുജറാത്തില്‍ കൊല്ലപ്പെട്ട ആയിരങ്ങളുടെ മാംസത്തിനോ ഇവിടെ വിലയില്ല എന്നത് വിചിത്രമായി തന്നാം. സമുദായ വൈര്യത്തിന്റെ പേരില്‍ ബീഫ് നിരോധിച്ച നടപടി ഭക്ഷ്യ സ്വാതന്ത്ര്യലേക്കും മതാത്മകതയിലേക്കും ഉള്ള കടന്നുകയറ്റം എന്നുമാത്രമല്ല, ആത്യന്തികമായി സ്വ ശരീരത്തിലേക്കുകൂടിയുള്ള ഒരു കായികമായ ഫസിസ്റ്റു കയ്യേറ്റം കൂടിയാണ്.