യു എ ഇ ജൈവകൃഷി പുരസ്‌കാരം ഹാബിറ്റാറ്റ് സ്‌കൂളിന്

Posted on: March 11, 2015 9:00 pm | Last updated: March 11, 2015 at 9:32 pm
SHARE

ദുബൈ: ഏറ്റവും നന്നായി ജൈവകൃഷി നടത്തുന്ന സ്വകാര്യ സ്‌കൂളിനുള്ള ‘ഗ്രോ യുവര്‍ ഫുഡ്’ പുരസ്‌കാരത്തിന് അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂള്‍ അര്‍ഹരായി. കാര്‍ഷിക സംസ്‌കാരം പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ മുനിസിപ്പാലിറ്റി ജലീല്‍ ഹോള്‍സിങ്, ഇസ്റ്റേണ്‍ കൊണ്ടിമെന്റ്‌സ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 5,000 ദിര്‍ഹവും ട്രോഫിയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
രാജ്യമാകെയുള്ള പ്രൈവറ്റ് സ്‌കൂളുകളില്‍ നിന്ന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് 100 സ്‌കൂളുകളില്‍ രണ്ടുതവണ ജൂറി അംഗങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തി 24 സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ 24 സ്‌കൂളുകളില്‍ നിന്നാണ് ഹാബിറ്റാറ്റ് സ്‌കൂള്‍ ഒന്നാമതെത്തിയത്. ഹാബിറ്റാറ്റ് സ്‌കൂളിനുവേണ്ടി 8ാം ക്ലാസ് വിദ്യാര്‍ഥി സയ്യിദ് മുഹ്‌യുദ്ദീന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
അവാര്‍ഡ് തുകയും കുട്ടികള്‍ പച്ചക്കറി വിറ്റുണ്ടാക്കിയ 3000 ദിര്‍ഹവും ചേര്‍ത്ത്, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ചാരിറ്റി പദ്ധതിയായ ‘ദുബൈ കെയേഴ്‌സി’നു നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
ജൈവകൃഷിയുടെ സന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിക്കുകയാണ് തങ്ങളുടെ ദൗത്യമാണെന്നും അവര്‍ പറഞ്ഞു. സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ സിടി ആദില്‍, പ്രിന്‍സിപ്പല്‍ ജിഷാ ജയന്‍, ജൈവകൃഷി ഇന്‍സ്ട്രക്ടര്‍ സുഗീതാ മാരാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.