Connect with us

Gulf

കിണറ്റില്‍ വീണ സ്വദേശീ പുരാവസ്തു ശാസ്ത്രജ്ഞനെ രക്ഷപ്പെടുത്തി

Published

|

Last Updated

ദുബൈ: 30 മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ സ്വദേശീ പുരാവസ്തു ശാസ്ത്രജ്ഞനെ ദുബൈ പോലീസ് രക്ഷപ്പെടുത്തി. അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. അജ്മാനിലായിരുന്നു സംഭവം. വീഴ്ചയില്‍ ഇയാളുടെ അസ്ഥികള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്.

കിണറ്റില്‍ നിന്നു സ്വദേശി യുവാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എത്തി രക്ഷപ്പെടുത്തിയത്. പുരാതന കിണറുകളെക്കുറിച്ച് പഠിക്കാനിറങ്ങിയ യുവാവ് കാല്‍തെറ്റി കിണറില്‍വീഴുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘത്തിലെ അംഗം അബു അല്‍ ഫൊട്ടൂഹ് മഹ്മൂദ് ഇമാറ വ്യക്തമാക്കി. അജ്മാനിലെ മസ്ഫൂത് മേഖലയിലായിരുന്നു അപകടം. 100 വര്‍ഷം പഴക്കമുള്ളതാണ് ഈ കണര്‍.
വിവരം ലഭിച്ച ഉടന്‍ ദുബൈ പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. സിവില്‍ ഡിഫന്‍സും മെഡിക്കല്‍ സംഘവും പോലീസിനൊപ്പമുണ്ടായിരുന്നു. പരുക്കേറ്റ യുവാവിനെ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് സ്ട്രക്ച്ചറിന്റെ സഹായത്താല്‍ പുറത്തെടുത്തത്. ഇയാളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായ പരുക്കുകള്‍ ഏറ്റിട്ടുണ്ട്. നട്ടെല്ലിനേറ്റ ക്ഷതവും ഇതില്‍ ഉള്‍പെടുമെന്നും ഇമാറ വെളിപ്പെടുത്തി. രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായാണ് ഇയാളെ പുറത്തെത്തിച്ചതെന്ന് പാരാമെഡിക്കല്‍ സംഘത്തില്‍ ഉള്‍പെട്ട ഹത്ത ആംബുലന്‍സ് സ്റ്റേഷനിലെ ഉബൈദ് റാശിദ് വ്യക്തമാക്കി. പ്രാഥിമിക ചികിത്സ നല്‍കിയ ശേഷമാണ് ഇയാളെ ഹത്ത ഹോസ്പിറ്റലിലേക്ക് മാറ്റിയത്. യുവാവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും ഇദ്ദേഹം പറഞ്ഞു.