Connect with us

Gulf

മദ്യം, മയക്കുമരുന്ന് സമൂഹത്തിന് വെല്ലുവിളി

Published

|

Last Updated

കോടികളുടെ മയക്കുമരുന്നാണ് യു എ ഇയില്‍ പിടിക്കപ്പെടുന്നത്. മയക്കുമരുന്ന് കടത്തിനെതിരെയും ഉപയോഗത്തിനെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്ന രാജ്യമായിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മയക്കുമരുന്ന് എത്തുന്നു. കഴിഞ്ഞയാഴ്ച കാര്‍ഗോ കസ്റ്റംസ് ആറുകോടി ദിര്‍ഹം വില വരുന്ന “ട്രമഡോള്‍” ഗുളികകള്‍ പിടികൂടുകയുണ്ടായി. ഔഷധം എന്ന പേരില്‍ വിദേശ രാജ്യത്തു നിന്ന് കപ്പല്‍ വഴി എത്തിയതാണ്. ട്രക്കുകളില്‍ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള്‍ക്കെതിരെയും വ്യാപക നിരീക്ഷണങ്ങളുണ്ട്.
മയക്കുമരുന്നിനെതിരെ ഭരണകൂടം ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ആരോഗ്യകരമായ സമൂഹം നിലനില്‍ക്കണമെങ്കില്‍ മയക്കുമരുന്നു കടത്തുകാര്‍ക്കെതിരെ നിരന്തര വേട്ട വേണമെന്ന് ഭരണകൂടത്തിനറിയാം. എന്നാലും ഗൂഢ വഴികളിലൂടെ കമ്പോളത്തില്‍ എത്തുന്നു. അവ വിദ്യാര്‍ഥികളില്‍ പോലും എത്തുന്നുണ്ടെന്നാണ് സംശയം. ഒരു വര്‍ഷം മുമ്പ്, യു എ ഇയിലെ വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേയില്‍ നടുക്കുന്ന വിവരങ്ങളുണ്ട്. മെത്താംഫിറ്റാമൈന്‍ എന്ന മയക്കുമരുന്ന് ചിലകുട്ടികള്‍ സേവിക്കുന്നുവെന്നായിരുന്നു കണ്ടെത്തല്‍. മൂന്ന് ഗ്രാമിന് 500 ദിര്‍ഹം വിലവരും. ഇത് ഉപയോഗിക്കുന്നത് കുറ്റകൃത്യമാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ഉപയോഗിക്കുന്നവരില്‍ 35 ശതമാനം പേര്‍ക്ക് ഇടപാടുകാരില്‍ നിന്നാണ് ലഭിക്കുന്നത്. 17 ശതമാനം പേര്‍ ഓണ്‍ലൈന്‍ വഴി തരപ്പെടുത്തുന്നു. ബുദ്ധിമരവിപ്പിക്കാന്‍ കെല്‍പുള്ള മയക്കുമരുന്നാണ് മെത്താം ഫിറ്റാമൈന്‍. മദ്യപാനം, കഞ്ചാവ് തുടങ്ങിയവയില്‍ അഭിരമിക്കുന്ന മലയാളികള്‍ കുറവല്ല.
മലയാളീ സമൂഹത്തില്‍ മദ്യപാനം കൂടിയിട്ടുണ്ട്. ദുബൈയിലും ഷാര്‍ജയിലും അനധികൃത മദ്യവില്‍പന തകൃതിയാണ്. തൊഴിലാളികളെയും ഇടത്തരക്കാരെയുമാണ് ഇക്കൂട്ടര്‍ ലക്ഷ്യംവെക്കുന്നത്. വാരാന്ത്യദിനങ്ങളില്‍ മദ്യവില്‍പന ഇപ്പോഴും പൊടിപൊടിക്കുന്നു.
വരുമാനം മുഴുവന്‍ ബാറില്‍ കൊണ്ടുപോയി നശിപ്പിക്കുന്നവരും ധാരാളം. ഇവര്‍ കുടുംബത്തെയും നാടിനെയും മറക്കുന്നു. കുറേ കഴിയുമ്പോള്‍ കടക്കെണിയില്‍പ്പെട്ട് ജീവിതം താറുമാറാവുകയാണ്.
മദ്യ ലഹരിയാണ് മിക്ക കുറ്റകൃത്യങ്ങള്‍ക്കും പ്രേരിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ വഴക്കു കൂടി കൊലപാതകത്തിലെത്തിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ്. എത്രയോ പ്രമുഖ വ്യക്തികളുടെ ജീവിതം നശിപ്പിച്ചത് മദ്യപാന ശീലമാണെന്നത് പരസ്യമാണ്.
മദ്യപാനത്തിനെതിരെ എല്ലാ മതങ്ങളും ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും പൂര്‍ണ ഫലത്തില്‍ എത്തുന്നില്ല. മദ്യപാനം, മയക്കുമരുന്ന് എന്നിവക്കെതിരെ അവനവന്‍ തന്നെ ഉറച്ച നിലപാടു സ്വീകരിക്കണം. കുടുംബ ഭദ്രതയെ നശിപ്പിക്കുന്നതില്‍ മദ്യത്തിന് പ്രധാന പങ്കുള്ളതിനാല്‍ ബോധവത്കരണം കുടുംബകങ്ങളിലേക്കും വ്യാപിപ്പിക്കണം.