വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചു

Posted on: March 11, 2015 7:20 pm | Last updated: March 11, 2015 at 7:20 pm
SHARE

AIROPLAINദുബൈ: വേനലവധിക്ക് സ്‌കൂളുകള്‍ അടക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചു. മിക്ക കുടുംബങ്ങളും താങ്ങാനാവാത്ത ടിക്കറ്റ് നിരക്കില്‍ യാത്ര മാറ്റിവെക്കണമോയെന്നു ഗൗരവപൂര്‍വം ചിന്തിക്കുന്നതിനിടയിലാണ് ഇത്തരക്കാര്‍ക്ക് ആശ്വാസമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും എയര്‍ അറേബ്യയും ഉള്‍പെടെയുള്ളവ ഒക്ടോബര്‍ വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പല കമ്പനികളും 40 ശതമാനത്തോളമാണ് നിരക്കില്‍ ഇളവ് വരുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമേ, പാക്കിസ്ഥാന്‍, ഫിലിപൈന്‍സ്, യു കെ, യു എസ് എന്നീ രാജ്യങ്ങളിലേക്കും നിരക്ക് ഇളവ് ലഭിക്കും.
ഇന്ത്യന്‍ നഗരങ്ങളില്‍ മുംബൈക്ക് ആണ് ഏറ്റവും ആകര്‍ഷകമായ നിരക്ക്. ദുബൈയില്‍ നിന്നു മുംബൈക്ക് മടക്ക ടിക്കറ്റ് ഉള്‍പെടെ ഫ്‌ളൈ ദുബൈ പ്രഖ്യാപിച്ചിരിക്കുന്നത് 648 ദിര്‍ഹമാണ്. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട എട്ട് റൂട്ടുകളിലേക്കും ടിക്കറ്റ് നിരക്കില്‍ കമ്പനി 30 ശതമാനത്തോളം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 13(വെള്ളി)ന് മുമ്പായി ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്ക് ഇളവിന്റെ ആനുകൂല്യം ലഭിക്കുകയെന്നും മെയ് 31 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും ഫ്‌ളൈ ദുബൈ അധികൃതര്‍ വ്യക്തമാക്കി.
ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് മുംബൈക്ക് മടക്ക ടിക്കറ്റ് ഉള്‍പെടെ ഈടാക്കുന്നത് 995 ദിര്‍ഹമാണ്. മാര്‍ച്ച് 19ന് ഉള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂലൈ 14 വരെ ഈ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. കൊച്ചിയിലേക്ക് 925 ദിര്‍ഹമാണ് റിട്ടേണ്‍ ടിക്കറ്റിന് എമിറേറ്റ്‌സ് ഈടാക്കുന്നത്. ഇന്നലെ അവസാനിച്ച 48 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ഹബ്ബിലേക്ക് 799 ദിര്‍ഹത്തിന് റിട്ടേണ്‍ ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. മെയ് 31 വരെ യാത്ര ചെയ്യാനായിരിക്കും ഈ ടിക്കറ്റില്‍ അനുവദിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇത്തിഹാദ് എയര്‍ മുംബൈക്ക് 825ഉം ന്യൂ ഡല്‍ഹിക്ക് 855ഉം കൊച്ചിക്ക് 805മായിരുന്നു പ്രത്യേക നിരക്ക് പ്രഖ്യാപിച്ചത്. ഈ മാസം 31നകം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഒക്ടോബര്‍ 26ന് മുമ്പായി യാത്ര ചെയ്തിരിക്കണം.
ജൂലൈ 10ന് മുമ്പായി യാത്ര ചെയ്യുന്നവര്‍ക്ക് 40 ശതമാനത്തോളം കിഴിവാണ് ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി സര്‍വീസ് നടത്തുന്ന 140 കേന്ദ്രങ്ങളിലേക്ക് ഈ നിരക്കുകള്‍ ബാധകമായിരിക്കും. 13ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. ദുബൈ, അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നു സര്‍വീസ് നടത്തുന്നവയാണ് ഈ വിമാനക്കമ്പനികള്‍. അമേരിക്കയിലേക്കും ജാപ്പാനിലേക്കും അമ്പരപ്പിക്കുന്ന കിഴിവാണ് ടിക്കറ്റ് നിരക്കില്‍ കമ്പനികള്‍ മുന്നോട്ടു വെക്കുന്നത്. അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്കിലേക്ക് 3,025 ദിര്‍ഹത്തിനും മോണ്‍ട്രിയലിലേക്ക് 3,165 ദിര്‍ഹത്തിനുമാണ് ഷാര്‍ജയില്‍ നിന്നു ടിക്കറ്റ് നല്‍കുന്നത്. ജാപ്പാന്‍ തലസ്ഥാനമായ ടോക്യോവിലേക്ക് 2565 ദിര്‍ഹമാണ് മടക്ക ടിക്കറ്റിന് ഈടാക്കുന്നത്. മനിലയിലേക്ക് ഖത്തര്‍ എയര്‍വേഴ്‌സ് 1,565 ദിര്‍ഹത്തിനും എമിറേറ്റ്‌സ് 2,525 ദിര്‍ഹത്തിനും ഇത്തിഹാദ് 1,855 ദിര്‍ഹത്തിനും ടിക്കറ്റ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.