തൊഴിലാളികളുടെ പ്രതിഷേധം പോലീസ് ഇടപെട്ട് പരിഹരിച്ചു

Posted on: March 11, 2015 7:18 pm | Last updated: March 11, 2015 at 7:18 pm
SHARE

labour problemദുബൈ: ഡൗണ്‍ടൗണില്‍ ബോണസ് ആവശ്യപ്പെട്ട് നിര്‍മാണ കമ്പനി തൊഴിലാളികള്‍ നടുറോഡില്‍ പ്രതിഷേധിച്ചത് ഗതാഗത സ്തംഭനത്തിന് കാരണമായി.
ദുബൈ മാളിന് പിറകില്‍ ഇമാറിന്റെ ഫൗണ്ടയില്‍ വ്യൂവ്‌സ് ഡെവലപ്‌മെന്റ് പദ്ധതിക്കായി ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ബോണസ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചതെന്നും ഇതിന് ആവശ്യമായ നടപടി കൈകൊള്ളാന്‍ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദുബൈ മീഡിയ ഓഫീസ് അധികൃതര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബോളിവാഡ്, ഫെസ്റ്റിവെല്‍ റോഡ് മേഖലയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ഒത്തുചേര്‍ന്നത് ഈ വഴിയുള്ള ഗതാഗതം അര മണിക്കൂറിലധികം തടസപ്പെടാന്‍ ഇടയാക്കി. റയട്ട് പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. രാവിലെ 10.45 ഓടെ പ്രതിഷേധിച്ച മുഴുവന്‍ തൊഴിലാളികളും പോലീസിന്റെ അഭ്യര്‍ഥന മാനിച്ച് പിരിഞ്ഞുപോയി. മേഖലയില്‍ 35 മിനുട്ടിലധികം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതായി ഇതുവഴി യാത്ര ചെയ്തവരില്‍ ഓരാള്‍ വ്യക്തമാക്കി.