എമിറേറ്റ്‌സ് ഐ ഡി ഓണ്‍ലൈന്‍ വോട്ടിംഗ്; മലയാളം ഒന്നാമത്‌

Posted on: March 11, 2015 6:55 pm | Last updated: March 11, 2015 at 6:55 pm
SHARE

Screenshot 2015-03-10 18.06.50അബുദാബി; ദേശീയ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐ ഡി വെബ്‌സൈറ്റില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മൂന്നാം ഭാഷ ഉള്‍പ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ വെട്ടെടുപ്പില്‍ 96 ശതമാനം വോട്ടുകളും മലയാളത്തിന്. മന്‍ഡാരിന്‍, ഉര്‍ദു, തഗലോഗ് എന്നീ ഭാഷകളാണ് മലയാളത്തിനു പിന്നിലുള്ളത്. 96.21 ശതമാനം വോട്ടുകള്‍ നേടിയാണ് മലയാളം മുന്നിട്ടു നില്‍ക്കുന്നത്. ഉര്‍ദുവിന് 2.33 ശതമാനവും മന്‍ഡാരിന് 1.27 ശതമാനവും തഗലോങ്ങിന് 0.65 ശതമാനവുമാണ് വോട്ടുകള്‍ ലഭിച്ചിരിക്കുന്നത്.

അധികം വൈകാതെ യു എ ഇയിലെ എമിറേറ്റ്‌സ് ഐ ഡി അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ മലയാളവും സ്ഥാനം പിടിക്കും. http://www.id.gov.ae/en/home.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇടതു വശത്ത് താഴെയായി കാണുന്ന ഓണ്‍ലൈന്‍ പോളില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്കും വോട്ട് ചെയ്യാം.
മലയാളവും കൂടി യാഥാര്‍ഥ്യമാകുന്നതോടെ മലയാളം മാത്രം അറിയുന്നവര്‍ക്കും ഓണ്‍ലൈന്‍ വഴി എമിറേറ്റ്‌സ് ഐഡിക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ ഇഷ്ട ഭാഷക്ക് വോട്ട് നല്‍കാം. ഒരൊറ്റ ദിവസം 21,946 പേരാണ് മലയാളത്തിന് വേണ്ടി വോട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ഉറുദുവിന് വേണ്ടി 487 പേര്‍ വോട്ട് ചെയ്തു-1.87%. അതേസമയം, മാന്‍ഡറിന് 284 പേരും(1.27), തഗലോഗിന് 129 പേരും(0.65%) വോട്ട് രേഖപ്പെടുത്തി.
ഇതു കൂടാതെ, എമിറേറ്റ്‌സ് ഐ ഡി സംബന്ധമായി മറ്റു കാര്യങ്ങളിലും പൊതുജനാഭിപ്രായം തേടുന്നു. പൊതു-സ്വകാര്യ നടപടികളില്‍ എമിറേറ്റ്‌സ് ഐഡിയുടെ ഉപയോഗത്തില്‍ സംതൃപ്തരാണോ എന്ന ചോദ്യത്തിന് 59.83% പേര്‍ വളരെ സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. 24.42% പേര്‍ സംതൃപ്തരാണെന്നും 3.86% പേര്‍ സംതൃപ്തരല്ല എന്നും 5.81% പേര്‍ ഒട്ടും സംതൃപ്തരല്ല എന്നും രേഖപ്പെടുത്തി. 6.09% പേര്‍ നിഷ്പക്ഷമായി നിലകൊണ്ടു.
ഐഡിയുടെ ഓണ്‍ലൈന്‍ സര്‍വീസുകളെക്കുറിച്ചു ബോധവാന്മാരാണോ എന്ന ചോദ്യത്തിന് വളരെ ബോധവാന്മാരാണ് എന്ന് 42.94% പേര്‍ അഭിപ്രായപ്പെട്ടു. 20.47% പേര്‍ കുറച്ചൊക്കെ അറിയാം എന്ന് രേഖപ്പെടുത്തിയപ്പോള്‍, 16.6% പേര്‍ അജ്ഞരാണെന്ന് തുറന്നുപറഞ്ഞു.
9.4% പേര്‍ അഭിപ്രായം പറഞ്ഞില്ല. കസ്റ്റമര്‍ സര്‍വീസില്‍ റോബോട്ടിനെ ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കുന്നുണ്ടോ എന്നതിന് 50.1% പേര്‍ അനുകൂലവും 49.9% പേര്‍ പ്രതികൂലവുമായ മറുപടി രേഖപ്പെടുത്തി. 58.06% പേര്‍ എമിറേറ്റ്‌സ് ഐഡിയുടെ സേവനങ്ങളില്‍ വളരെ സംതൃപ്തരാണ്. 24.85% പേര്‍ സംതൃപ്തരും അഞ്ച് ശതമാനം പേര്‍ അസംതൃപ്തരുമാണ്. 6.86% പേര്‍ ഒട്ടും സംതൃപ്തരല്ല.
ഇ പെയ്‌മെന്റിനും പണം പിന്‍വലിക്കാനും എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കുന്നതിനെ 49.57% പേര്‍ പിന്തുണയ്ക്കുന്നു. 7.72% പേര്‍ക്ക് ഇതിനോട് യോജിപ്പില്ല.