Connect with us

Ongoing News

തുടര്‍ച്ചയായ നാലാം സെഞ്ച്വറിയോടെ സംഗക്കാരയ്ക്ക് ലോക റെക്കോര്‍ഡ്; ശ്രീലങ്കയ്ക്ക് 148 റണ്‍സ് വിജയം

Published

|

Last Updated

ഹൊബാര്‍ട്ട്: സംഗക്കാര റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മത്സരത്തില്‍ സ്‌കോട്‌ലന്റിനെതിരെ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം. 148 റണ്‍സിനാണ് ലങ്കന്‍ വിജയം. ശ്രീലങ്കയുടെ 363 റണ്ണിന് മറുപടിയായി സ്‌കോട്‌ലന്റിന് 43.1 ഓവറില്‍ 215 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോടിലന്‍ഡിനായി കോള്‍മാനും (70) ബെറിങ്ടണും (60) അര്‍ധ സെഞ്ച്വറി നേടി. ലങ്കയ്ക്കായി കുലശേഖരയും ചമീരയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ തുടര്‍ച്ചയായ നാലാം മത്സരത്തിലും സെഞ്ച്വറി നേടി ശ്രീലങ്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര ചരിത്രം സൃഷ്ടിച്ചു. സ്‌കോട്‌ലന്റിനെതിരേ സെഞ്ച്വറി നേടിയതോടെ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ആദ്യ താരമെന്ന അപൂര്‍വനേട്ടം സംഗക്കാര സ്വന്തമാക്കി. സംഗക്കാരയ്ക്ക് പുറമേ ദില്‍ഷനും സെഞ്ച്വറി നേടി. ലോകകപ്പിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ബംഗ്ലാദേശിനെതിരെ 105 നോട്ടൗട്ട്, ഇംഗ്ലണ്ടിനെതിരെ 117 നോട്ടൗട്ട്, ഓസ്‌ട്രേലിയക്കെതിരെ 104 എന്നിങ്ങനെയായിരുന്നു സംഗക്കാരയുടെ സ്‌കോര്‍. 95 പന്തില്‍ 124 റണ്‍സാണ് ഇന്ന് നേടിയത്. 13 ഫോറുകളുടേയും നാല് സിക്‌സറുകളുടേയും അകമ്പടിയോടെയായിരുന്നു ഇത്.
സംഗക്കാരയ്‌ക്കൊപ്പം ചേര്‍ന്ന ദില്‍ഷനും മികച്ച ബാറ്റിങ്ങാണ് കാഴ്ചവച്ചത്. 10 ഫോറുകളുടേയും ഒരു സിക്‌സറിന്റേയും സഹായത്തോടെ 99 പന്തില്‍ 104 റണ്‍സെടുത്താണ് പുറത്തായത്. ഇരവരും രണ്ടാം വിക്കറ്റില്‍ 195 റണ്‍സ് ചേര്‍ത്തു. പിന്നീട് എത്തിയ എയ്ഞ്ചലോ മാത്യൂസും അടിച്ചു തകര്‍ത്തു. 21 പന്തില്‍ 51 റണ്‍സെടുത്താണ് മാത്യൂസ് മടങ്ങിയത്. ആറ് സിക്‌സറുകളും ഒരു ഫോറും മാത്യൂസ് അടിച്ചു.സ്‌കോട്‌ലന്‍ഡിനായി ഡേവി മൂന്ന് വിക്കറ്റ് നേടി. ഇംവാന്‍സ്, ബെറിങ്ടണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടിയ ആറു താരങ്ങളുടെ റെക്കോര്‍ഡാണ് സംഗക്കാര മറികടന്നത്. ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി, ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ശ്രീലങ്കന്‍ താരം തുടങ്ങിയ റെക്കോര്‍ഡുകളാണ് സംഗക്കാര സ്വന്തമാക്കിയത്. ആറ് ലോകകപ്പുുകളിലെ 45 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ ഒരു സെഞ്ച്വറി മാത്രം പിന്നിലാണ് സംഗക്കാര. 36 ലോകകപ്പ് മത്സരങ്ങളാണ് സംഗക്കാര ഇതുവരെ കളിച്ചിട്ടുള്ളത്. 2003ല്‍ 673 റണ്‍സ് നേടി ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനും സംഗക്കാര ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇതിനുപുറമേ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കാന്‍ പങ്കാളിയായ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും സംഗക്കാര സ്വന്തമാക്കി. 52 പേരെ പുറത്താക്കുന്നതില്‍ പങ്കാളിയായ ഗില്‍ക്രിസ്റ്റിനെയാണ് സംഗ മറികടന്നത്. മത്സരത്തില്‍ രണ്ട് ക്യാച്ചെടുത്ത അദ്ദേഹം 54 പേരെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചു.