ഉച്ചഭാഷിണി പ്രചാരണം വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു

Posted on: March 11, 2015 11:36 am | Last updated: March 11, 2015 at 11:36 am
SHARE

കോട്ടക്കല്‍: ശബ്ദകോലാഹലം വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു. പരീക്ഷാസമയം അവഗണിച്ച് ഉച്ചഭാഷിണി പ്രചാരണമാണ് വിദ്യാര്‍ഥികളെ കുഴക്കുന്നത്.
വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് നാളുകളായി കോട്ടക്കലിലും പരസരത്തും വാഹനത്തില്‍ ഉച്ചഭാഷിണി പ്രചാരണം നടക്കുന്നത്. രാവിലെ തുടങ്ങുന്ന പ്രചാരണം സമയമേറേയും നിയന്ത്രണമില്ലാതെ തുടരുകയാണ്. ഗ്രാമങ്ങളും ടൗണുകളും സ്‌കൂള്‍ പരിസരങ്ങളിലുമെല്ലാം വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തുന്നുണ്ട്. പോലീസാവട്ടെ ഇതിന് സൗകര്യവും ചെയ്തുകൊടുക്കുകയാണ്. ടൗണിനോടനുബന്ധിച്ച് നടക്കുന്ന ഒരു പരിപാടിയുടെ പ്രചാരണമായാണ് ഉച്ചഭാഷിണി ഉപയോഗം.
എസ് എസ് എല്‍ സി പരീക്ഷാകാലമാണെന്നിരിക്കെ ഈസമയത്ത് മൈക്കുപയോഗിക്കുന്നതിനും ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതിനും വിലക്കുണ്ടെങ്കിലും ഇതെല്ലാം വിസ്മരിച്ചാണ് വാഹനത്തില്‍ ഉച്ചഭാഷിണി പ്രചാരണം കൊഴുക്കുന്നത്.
സംഭവം ചിലരെങ്കിലും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ഇത് തടയുന്നതിനാവാശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അധികൃതരും ചിലകച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് നിയമം തെറ്റിക്കുന്നതിന് കാരണമാകുന്നത്. ഇതാവട്ടെ പരീക്ഷാര്‍ഥികളായ കുട്ടികളുടെ സ്വസ്ഥത കെടുത്തുകയാണ്.