തൂതപ്പുഴയില്‍ റെയ്ഡ്; 14 തോണികള്‍ പിടികൂടി

Posted on: March 11, 2015 11:35 am | Last updated: March 11, 2015 at 11:35 am
SHARE

പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് തൂതപ്പുഴയില്‍ തൃപ്പൂതം പുഴക്കടവില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 14 തോണികള്‍ പൊലീസ് പിടികൂടി.

ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പെരിന്തല്‍മണ്ണ സി ഐ. കെ എം ബിജുവും സംഘവുമാണ് തോണികള്‍ പിടിച്ചെടുത്തത്. അതിരാവിലെ തൂതപ്പുഴയുടെ പലഭാഗങ്ങളില്‍ മഫ്ടിയില്‍ പോലീസ് സംഘം കടവുകളില്‍ എത്തിയാണ് തോണികളും മറ്റും പിടിച്ചെടുത്തത്. മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എസ് പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ തോണികളും അനധികൃത മണല്‍കടത്ത് വാഹനങ്ങളും പോലീസ് പിടികൂടുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇതേ സംഘം തന്നെ നിരവധി തോണികള്‍ പിടികൂടിയിരുന്നു.
വീണ്ടും മണല്‍കടത്ത് സജീവമായതോടെയാണ് തോണികള്‍ പിടികൂടി മണല്‍കടത്ത് വേരോടെ പിഴുതുമാറ്റാനുള്ള പോലീസ് നടപടിയുണ്ടായത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ്, പെരിന്തല്‍മണ്ണ സി ഐ കെ എം ബിജു, സി പി ഒമാരായ കൃഷ്ണകുമാര്‍, ഷബീര്‍ എന്‍ വി, പെരിന്തല്‍മണ്ണ കണ്‍ട്രോള്‍റൂം സേനാംഗങ്ങള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.