ചെക്ക്‌പോസ്റ്റ് കടക്കാന്‍ പാരിതോഷികമായി പഴങ്ങളും

Posted on: March 11, 2015 11:34 am | Last updated: March 11, 2015 at 11:34 am
SHARE

എടക്കര: എക്‌സൈസ് ചെക്ക്‌പോസ്റ്റ് കടക്കാന്‍ വഴിക്കടവില്‍ പാരിതോഷികമായി മുന്തിരിയും കൊടുക്കണം.
ചരക്കുമായെത്തുന്ന ലോറികളില്‍ നിന്നാല്‍ ഇവിടെ മുന്തിരിയടക്കമുള്ള പഴവര്‍ഗങ്ങള്‍ നിര്‍ബന്ധിപ്പിച്ച് വാങ്ങുന്നത്. ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും ചരക്കുമായെത്തിയ ലോറി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധനക്കായി നിര്‍ത്തുകയായിരുന്നു. ലോറിയില്‍ ക്ലീനര്‍ കൈയില്‍ ഒരു പൊതിയുമായാണ് ഇറങ്ങിയത്.
ക്രോസ് ബാറുകളുടെ സമീപം ചരക്കുവാഹനങ്ങളുടെ മുകളില്‍ കയറാന്‍ സ്ഥാപിച്ച കോണിയുടെ സ്റ്റെപ്പില്‍ ഇരിക്കുകയായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈയില്‍ പൊതി കൊടുക്കുകയായിരുന്നു. ക്ലീനര്‍ ഉടനെ തന്നെ രേഖകള്‍ കാണിക്കാനായി ഓഫീസിലേക്ക് കയറുകയും ചെയ്തു. ഇതിനിടയില്‍ പൊതി കൈമാറുന്നത് ശ്രദ്ധയില്‍ പെട്ടെന്ന് കണ്ടതോടെ ഉദ്യോഗസ്ഥന്‍ പൊതി തൊട്ടടുത്തുള്ള മതിലിന് സമീപം കൊണ്ടുവെക്കുകയായിരുന്നു. പൊതിയില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ മുന്തിരിയാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചു. എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ മാത്രമല്ല തൊട്ടടുത്ത വാണിജ്യനികുതി, ഫോറസ്റ്റ്, ആര്‍ ടി ഒ എന്നീ ചെക്ക്‌പോസ്റ്റുകളിലും മാമൂല്‍ പതിവാണ്.
മുന്തിരിക്ക് പുറമെ തണ്ണിമത്തന്‍, ആപ്പിള്‍, ഓറഞ്ച്, മുസമ്പി തുടങ്ങിയ പഴവര്‍ഗങ്ങളാണ് ഉദ്യോഗസ്ഥരുടെ പ്രധാന വിഭവം. ചിലര്‍ ഇത് വീട്ടില്‍ കൊണ്ടുപോവാറുമുണ്ട്. അന്തര്‍സംസ്ഥാനത്തു നിന്നും ദിനംപ്രതി നൂറുകണക്കിന് ചരക്കുവാഹനങ്ങളാണ് ചുരമിറങ്ങുന്നത്. ഉപഹാരം നല്‍കുന്ന വാഹനങ്ങള്‍ കണ്ണടച്ചു വിടും. കഴിഞ്ഞ ദിവസമാണ് പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന പാന്‍മസാലകള്‍ പോലീസ് പിടികൂടിയത്.
ഇത്തരത്തില്‍ പച്ചക്കറിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ പാന്‍മസാലകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തുന്നത്. പരിശോധന നിലച്ചതു മൂലം കടത്തുകാര്‍ക്ക് പ്രചോദനമായിരിക്കുകയാണ്. പഴവര്‍ഗങ്ങള്‍ക്ക് പുറമെ ഉള്ളി, തക്കാളി, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും യഥേഷ്ടം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇവിടെ ഭക്ഷണം പാകം ചെയ്യുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാകും. വാഹന പരിശോധന മുറപോലെ നടക്കാത്തതിനാല്‍ മാരകമായ പാന്‍മസാലകള്‍ സ്‌കൂള്‍ പരിസരത്തും സുലഭമായി കഴിഞ്ഞു.