ഹോമിയോ ഡിസ്‌പെന്‍സറി മാറ്റി സ്ഥാപിക്കണമെന്നാവശ്യം; കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ രണ്ടു തട്ടില്‍

Posted on: March 11, 2015 11:31 am | Last updated: March 11, 2015 at 11:31 am
SHARE

അരീക്കോട്: ഐ ടി ഐയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസിപെന്‍സറി കാരിപറമ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത ഡിസ്‌പെന്‍സറി താത്ക്കാലികമായാണ് ഐ ടി ഐ യില്‍ സ്ഥാപിച്ചത്. കാരിപറമ്പിലായിരിക്കും ഡിസ്‌പെന്‍സറി സ്ഥാപിക്കുകയെന്ന് യുഡിഎഫ് നേതൃത്വവും പഞ്ചായത്ത് ഭരണസമിതിയും ഉറപ്പ് നല്‍കിയിരുന്നു. കാരിപറമ്പില്‍ ഡിസ്‌പെന്‍സറി തുടങ്ങാനായി പത്ത് സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് വിട്ടു നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഡിസ്‌പെന്‍സറി ഐടിഐയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെടുന്നവര്‍ യുഡിഎഫ് സംവിധാനത്തിന് പുറത്തുള്ളവരാണ്. കാരിപറമ്പിലേക്ക് ഡിസ്‌പെന്‍സറി മാറ്റുന്നതിനെതിരെ ഐടിഐ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി എന്ന പേരില്‍ രംഗത്ത് വന്നവര്‍ അരീക്കോട്ടെ യു ഡി എഫ് സംവിധാനത്തിനു പുറത്തുള്ളവരാണ്. യു ഡി എഫ് തീരുമാനത്തെ കുറിച്ചും ഭരണസമിതിയുടെ ഉറപ്പിനെ കുറിച്ചുമുള്ള അറിവില്ലായ്മായാണ് ഇത്തരം എതിര്‍പ്പിന് കാരണെമെന്ന് കാരിപറമ്പ് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഐ ടി ഐ യിലുള്ള സാംസ്‌കാരിക നിലയത്തിലാണ് ഇപ്പോള്‍ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നതെന്നും സ്വന്തം കെട്ടിടം ഉണ്ടാക്കാന്‍ കാരിപറമ്പില്‍ സ്ഥലം ലഭ്യമാകുന്നതു വരെ താത്കാലികമായാണ് ഐ ടി ഐയില്‍ ഡിസ്‌പെന്‍സറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഡിസ്‌പെന്‍സറി കാരിപറമ്പിലേക്ക് മാറ്റുകയും സാംസ്‌കാരിക നിലയം അതിന്റെ നിര്‍മാണോദ്ദേശ്യം അനുസരിച്ച് നിലനിര്‍ത്തുകയും വേണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പാണക്കാടന്‍ ഷാജി, സെക്രട്ടറി വിസി മുജീബ്‌റഹ്മാന്‍, ഷഫീര്‍ പുതിയവീട്ടില്‍ പങ്കെടുത്തു.