Connect with us

Malappuram

തിരൂര്‍- പുത്തനത്താണി കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം

Published

|

Last Updated

കല്‍പകഞ്ചേരി: വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതമനുഭവിക്കുന്ന തിരൂര്‍-കടുങ്ങാത്തുകുണ്ട് – പുത്തനത്താണി റൂട്ടില്‍ കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ സര്‍വീസ് തുടങ്ങണമെന്ന ആവശ്യം ശക്തം.
ഈ റുട്ടിലെ കടുങ്ങാത്തുകുണ്ടില്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ആര്‍ട്‌സ് കോളജുകള്‍, അറബിക് കോളജ്, രണ്ട് ഐ ടി ഐകള്‍, ബി എഡ് കോളജ്, നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആറ് ബേങ്ക് ശാഖകള്‍, പോലീസ് സ്‌റ്റേഷന്‍, രജിസ്ത്രാര്‍ ഓഫീസ്, ജില്ലാ ആയുര്‍വേദ ആശുപത്രി, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മ്യഗാശുപത്രി,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്,ക്യഷിഭവന്‍ എന്നിവ പ്രവ്യത്തിക്കുന്നു.
സമീപ പ്രദേശങ്ങളായ തലക്കടത്തൂര്‍, വൈലത്തൂര്‍, ചെറിയമുണ്ടം, പൊന്മുണ്ടം, പുത്തനത്താണി ഭാഗങ്ങളില്‍ നിന്നായി ദിനം പ്രതി നൂറുകണക്കിന് പേര്‍ ഇവിടെ എത്തുന്നുണ്ട്. വിദ്യാര്‍ഥികളുടെ ബാഹുല്യം കാരണം രാവിലെ പത്ത് വരെയും വൈകുന്നേരം നാല് മുതല്‍ ആറ് വരെയും ഈ റൂട്ടില്‍ യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. രാത്രി എട്ടിന് ശേഷവും യാത്ര പ്രയാസകരമാണ്. ബസുകളിലെ തിരക്ക് കാരണം വിദ്യാലയങ്ങളിലും ഓഫീസുകളിലും യഥാസമയം എത്താന്‍ ബുദ്ധിമുട്ടുകയാണ്. ഈ റൂട്ടില്‍ രാത്രി എട്ടര കഴിഞ്ഞാല്‍ ബസ് സര്‍വീസില്ല. രാത്രിയില്‍ ബസുകള്‍ ട്രിപ്പ് മുടക്കുകയാണെന്ന പരാതിയുണ്ട്. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുബോള്‍ തിരൂര്‍ പുത്തനത്താണി വളാഞ്ചേരി റൂട്ടില്‍ ഒരു സര്‍വീസ് പോലുമില്ല. ഇതു വഴി കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍ വീസ് നടത്തുമെന്ന് ജനപ്രതിനിധികളടക്കമുള്ളവര്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും നടപ്പായില്ല. തിരൂര്‍- വൈലത്തൂര്‍- പുത്തനത്താണി- വളാഞ്ചേരി റൂട്ടിലും തിരൂര്‍ -ഏഴൂര്‍ തൂവ്വക്കാട് – പുത്തനത്താണി- വളാഞ്ചേരി റൂട്ടിലും കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ സര്‍ വീസ് നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Latest