Connect with us

Palakkad

വെള്ളിയാങ്കല്ല് പന്തിരുകുലം പൈതൃക പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

കുറ്റനാട്: തൃത്താലയുടെ ടൂറിസം വികസനത്തിന് പുത്തനുണര്‍വ് നല്‍കിക്കൊണ്ട് വെള്ളിയാങ്കല്ലിലെ പന്തിരുകുലം പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു.
വെള്ളിയാങ്കല്ലിന്റെ ചിരകാല സ്വപ്‌നമായ ഈ പദ്ധതി പൂര്‍ത്തിയാവുന്നത് തൃത്താല എം എല്‍ എ വി ടി ബല്‍റാമിന്റെ ശ്രമഫലമാണ്. രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തിക്ക് ഒരു കോടി നാല്‍പത്തി അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പണികള്‍ പൂര്‍ത്തീകരിച്ച് പാര്‍ക്ക് ജനങ്ങള്‍ക്കായി ഉടന്‍ തുറന്നുകൊടുക്കുമെന്ന് വി ടി ബല്‍റാം എം എല്‍ എ അറിയിച്ചു.
തൃത്താലയെയും പുതൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വെള്ളിയാങ്കല്ല് തടയണയോട് ചേര്‍ന്ന് ഭാരതപുഴയുടെ തീരത്താണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്.ഭാരതപ്പുഴയുടെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കത്തക്ക വിധത്തിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം. വിശ്രമസ്ഥലങ്ങള്‍, ഓപ്പണ്‍ ഓഡിറ്റോറിയം, പുല്‍തകിടി എന്നിവയും കുട്ടികളുടെ പാര്‍ക്കും ഇവിടെയുണ്ട്. കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ എല്ലാം ഇവിടെ സജ്ജീകരിക്കും.
കൃത്രിമ വെള്ളച്ചാട്ടവും ഇവിടെ ഒരുക്കുന്നുണ്ട്. ആദ്യഘട്ടമായി 45 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. വിശ്രമകേന്ദ്രം, കംഫര്‍ട്ട് സ്റ്റേഷന്‍, കോഫി ഹൗസ്, പുല്ല് വച്ച്പിടിപ്പിക്കല്‍, ഗ്രാനൈറ്റ് പതിപ്പിച്ച നടപ്പാത, കൈവരികള്‍, വിവിധ നിറങ്ങളിലുള്ള ലൈറ്റുകള്‍, ഐതിഹ്യ പ്രസിദ്ധമായ സ്‌നാനഘട്ടത്തോട് ചേര്‍ന്ന് ഭാരതപുഴയിലേക്കിറങ്ങാന്‍ മനോഹരമായ പടവുകള്‍ എന്നിവയെല്ലാം ആദ്യഘട്ടമായി പൂര്‍ത്തിയാക്കി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജലസേചന വകുപ്പ്, സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സിഡ്‌കോ എന്നിവയുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാലക്കാട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടേക്ക് വാരാന്ത്യങ്ങളിലും ഒഴിവുദിനങ്ങളിലും സന്ദര്‍ശകര്‍ എത്താറുണ്ട്. പാര്‍ക്കിന്റെ പണി പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വെള്ളിയാങ്കല്ല് ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നിരവധി ചരിത്രങ്ങള്‍ക്ക് സാക്ഷിയായ ഭാരതപുഴയുടെയും തൃത്താലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളുടേയും വികസനത്തിന് വഴിയൊരുങ്ങും.