വേനല്‍ചൂട് കനക്കുന്നു; രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റു

Posted on: March 11, 2015 11:22 am | Last updated: March 11, 2015 at 11:22 am
SHARE

വടക്കഞ്ചേരി: വേനലിന്റെ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ വടക്കഞ്ചേരിയില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റു.
നിര്‍മാണതൊഴിലാളിക്കും ഓട്ടോഡ്രൈവര്‍ക്കുമാണ് പൊള്ളലേറ്റത്. നിര്‍മാണ തൊഴിലാളിയായ കിഴക്കഞ്ചേരി പണ്ടാംകോട് കൃഷ്ണനുണ്ണി(28), കണിയമംഗലത്തെ ഓട്ടോഡ്രൈവര്‍ കിഴക്കഞ്ചേരി ചെറുന്നം രഞ്ജു (31) എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്.
വടക്കഞ്ചേരി കുന്നേങ്കാട്ടില്‍ കെട്ടിടം പണി ചെയ്യുന്നതിനിടെയാണ് കൃഷ്ണനുണ്ണിക്ക് കഴുത്തിന്റെ ഭാഗത്തായി പൊള്ളലേറ്റത്. നീറ്റല്‍ അനുഭവപ്പെടുകയും അവിടെ തടിപ്പ് രൂപപ്പെടുകയും ചെയ്തിനെതുടര്‍ന്ന് വടക്കഞ്ചേരി ഇ കെ നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടി, ഓട്ടോഡ്രൈവറായ രാജുവിന്റെ പുറത്താണ് പൊള്ളലേറ്റിരിക്കുന്നത്. വേനല്‍ചൂട് കനക്കുന്നതോട് കൂടി ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കനത്ത ചൂട് വരാനിരിക്കുന്ന സഹാചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് സൂര്യതാപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജോലിസമയങ്ങളില്‍ സമയ ക്രമീകരണം നടത്തണമെന്ന ആവശ്യം ശക്തമാണ്.