അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ 7.35 കോടിയുടെ വികസനം

Posted on: March 11, 2015 11:21 am | Last updated: March 11, 2015 at 11:21 am
SHARE

നെന്മാറ: അയിലൂര്‍ പഞ്ചായത്ത് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഏഴരക്കോടി രുപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. വികസന സെമിനാര്‍ വി ചെന്താമരാക്ഷന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
അയിലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാധാരണ വികസന ഫണ്ട് വിഹിതത്തിലേയ്ക്കായി 1.68 കോടി രൂപയും ധനകാര്യ കമ്മീഷന്‍ വിഹിതയിനത്തിലേയ്ക്കായി 1.34 കോടിരൂപയും എസ് സി വിഭാഗക്കാരുടെ വികസന പദ്ധതികള്‍ക്കായി ഒരുകോടിരൂപയും ട്രൈബല്‍ വിഭാഗക്കാരുടെ ഉന്നമനത്തിനായി അഞ്ചുലക്ഷം രൂപയുടെ വികസന പദ്ധതികളും നടപ്പാക്കും.
മെയിന്റനന്‍സ് ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.81 കോടിരൂപയും റോഡിതര പദ്ധതികള്‍ക്കായി 47 ലക്ഷം രൂപയും ചെലവഴിക്കും. ചടങ്ങില്‍ പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി ഗോപാലകൃഷ്ണനും അവതരണം പഞ്ചായത്ത് സെക്രട്ടറി കെ നടരാജനും നിര്‍വഹിച്ചു.
അയിലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കണ്ണനുണ്ണി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അല്ലി തോമസ്, ബിജു വി ജോസഫ്, പ്രമീള ദേവദാസ്, പ്ലാന്‍ കോ-ഓഡിനേറ്റര്‍ പി ജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.