റെയില്‍വേ ഗേറ്റ് അടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

Posted on: March 11, 2015 11:20 am | Last updated: March 11, 2015 at 11:20 am
SHARE

പാലക്കാട്: ജി ബി റോഡിലെ റയില്‍വേ ഗേറ്റ് പൂര്‍ണമായി അടച്ചതോടെ യാത്ര ദുരിതത്തില്‍.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പാളംമുറിച്ചുള്ള കാല്‍നട യാത്രപോലും തടഞ്ഞ് ഇരുമ്പ് പാളങ്ങള്‍ ഉപയോഗിച്ച് ഗേറ്റ് പരിസരം അടച്ചത്.
ഇതോടെ വഴിയാത്രക്കാര്‍ക്ക് സമീപത്തുള്ള നടപ്പാലത്തെ പൂര്‍ണമായും ആശ്രയിക്കേണ്ട അവസ്ഥയായി. വഴിവിളക്കുകള്‍ മിഴിയടക്കുന്ന നടപ്പാലത്തില്‍ നേരമിരുട്ടിയാല്‍ ഭിക്ഷക്കാരും സാമൂഹിക വിരുദ്ധരും പാലത്തില്‍ തമ്പടിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.
പ്രായമായവര്‍ക്കും രോഗികള്‍ക്കും ഈ നടപ്പാലത്തിലൂടെ കയറിയിറങ്ങുക ഏറെ പ്രയാസകരമാണ്. പാലക്കാട്-പൊള്ളാച്ചി ബ്രോഡ്‌ഗേജിന്റ നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണ് ഗേറ്റുവഴിയുള്ള കാല്‍നടയാത്രപോലും തടസ്സപ്പെടുത്തിയത്. ജി ബി റോഡിലെ ഗേറ്റ് സ്ഥിരമായി അടക്കുന്നതിനെതിരെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചില പരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടു വെച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ സ്തംഭിച്ചിരിക്കുകയാണ്. റയില്‍വേയുടെ അനുമതി ലഭിക്കാത്തതാണ് തടസ്സം.