നീലഗിരിയില്‍ വന്യജീവികളുടെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു

Posted on: March 11, 2015 11:17 am | Last updated: March 11, 2015 at 11:17 am
SHARE

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ വന്യജീവികളുടെ ആക്രമണങ്ങള്‍ തുടര്‍കഥയാകുന്നു. നഗര-ഗ്രാമാന്തരങ്ങളില്‍ വന്യജീവികളുടെ ശല്യം കാരണം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ആന, കടുവ, കരടി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമാണ് വര്‍ധിച്ചിരിക്കുന്നത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി, കുന്നൂര്‍, കോത്തഗിരി താലൂക്കുകളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. വനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലായിരുന്നു ആദ്യം ശല്യം എങ്കില്‍ ഇപ്പോള്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. കടുവയുടെ ആക്രമണത്തില്‍ ജില്ലയില്‍ നാല് പേരാണ് രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്.
2015 ഫെബ്രുവരി 14ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാട്ടവയല്‍ ചോലക്കടവില്‍ കൈവെട്ട സ്വദേശി മഹാലക്ഷ്മി (33) കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേകടുവ കേരളത്തിലെ നൂല്‍പ്പുഴയില്‍ ഭാസ്‌കരന്‍ (55)യെയും കൊലപ്പെടുത്തിയിരുന്നു. ഊട്ടി മേഖലയില്‍ നരഭോജി കടുവ മൂന്ന് പേരെ കടിച്ചുകൊന്നിരുന്നു. ഊട്ടി ദൊഡപേട്ട വനമേഖലയിലെ കുഞ്ചപ്പനയിലാണ് മൂന്ന് പേരെ കടിച്ചു കൊന്നിരുന്നത്. കടുവയെ ജില്ലാകലക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് അന്ന് എസ് ടി എഫ് സംഘം വെടിവെച്ച് കൊന്നിരുന്നു. സോലട സ്വദേശി കവിത (32) അട്ടപ്പെട്ട സ്വദേശി ചിന്നപ്പന്‍ (58) കുന്തപ്പന സ്വദേശി മുത്തുലക്ഷ്മി എന്നിവരെയാണ് കടുവ കടിച്ചു കൊന്നിരുന്നത്. തുടര്‍ന്ന് ജനുവരി 21 ആണ് കടുവയെ വെടിവെച്ച് കൊന്നിരുന്നത്. മഹാലക്ഷ്മിയെ കൊലപ്പെടുത്തി നാടിനെ വിറപ്പിച്ച നരഭോജിയായ കടുവയെ തമിഴ്‌നാട് എസ് ടി എഫ് സംഘം ഒരാഴ്ചക്കിടെ വെടിവെച്ച് കൊന്നിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി ആളുകള്‍ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. വന്യജീവികളുടെ ആക്രമണത്തില്‍ നിരവധി പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കുന്നൂര്‍ കാട്ടേരി സ്വദേശി നടരാജ് (40) ന് പരുക്കേറ്റിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പുത്തൂര്‍വയല്‍ സ്വദേശി ജയറാം (51) ബൈക്ക് യാത്രികന്‍ തിരിപ്പൂര്‍ സ്വദേശി ദിനേഷ്‌കുമാര്‍ (34) തുടങ്ങിയവര്‍ക്ക് പരുക്കേറ്റിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ കുന്നൂര്‍ കോട്ടമല സ്വദേശി ജാനകി (48) കുന്നൂര്‍ എടപ്പള്ളി സ്വദേശി റാണി (45) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
കാട്ടാനാക്രമണത്തില്‍ നെല്ലാക്കോട്ട ഗാന്ധിക്കുന്ന് സ്വദേശി ഫാത്വിമ, മേല്‍ ഗൂഡല്ലൂര്‍ കോക്കാല്‍ സ്വദേശി ജയറാണി എന്നിവരുടെ വീടുകള്‍ തകര്‍ന്നിരുന്നു. കൊളപ്പള്ളി ടാന്‍ടി രണ്ടാം ഡിവിഷനിലെ വിനായകര്‍ ക്ഷേത്രം കാട്ടാനക്കൂട്ടം തകര്‍ക്കുകയും ചെയ്തിരുന്നു. അത്‌പോലെ അയ്യംകൊല്ലി കോട്ടപ്പാടി സ്വദേശി മുരളീധരന്റെ നേന്ത്രവാഴ കൃഷിയും കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു. കുടിയേറ്റ മേഖലയായ അതിര്‍ത്തി ഗ്രാമങ്ങളില്‍ അതിവസിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണ്. കേരളത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറി പാര്‍ത്തവരാണിവര്‍. ഒരു ഭാഗത്ത് വന്യമൃഗശല്യവും മറുഭാഗത്ത് ഭൂപ്രശ്‌നവും കാരണം ഞെരുങ്ങി കഴിയുകയാണിവിടുത്തെ ജനങ്ങള്‍. സ്വന്തം ഭൂമി വില്‍ക്കാന്‍ പോലും ഇവര്‍ക്ക് അവകാശമില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ സൈ്വര്യ ജീവിതത്തതിന് തടസ്സമായി വന്യമൃഗശല്യവുംകൂടി. മനസമാധാനത്തോടെ കിടന്നുറങ്ങാന്‍പോലും ഇവിടുത്തെ ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. കടുവാ ഭീതിവിട്ടൊഴിഞ്ഞെങ്കിലും നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയല്‍, ബിദര്‍ക്കാട് പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്.