Connect with us

Wayanad

ഭവനവായ്പ: ജില്ലയില്‍ എഴുനൂറോളം പേര്‍ക്ക് ജപ്തി നോട്ടീസ്, കടം വാങ്ങി വീടുവെച്ചവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡില്‍ നിന്ന് വായ്പ വാങ്ങി വീടുവെച്ച എഴുനൂറോളം പേര്‍ക്ക് ജില്ലയില്‍ ജപ്തി നോട്ടീസ് ലഭിച്ചു. ജില്ലാ കലക്ടര്‍ക്ക് വേണ്ടി റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ ഒപ്പിട്ട നോട്ടീസുകളാണ് വീടുകളില്‍ എത്തിച്ചിട്ടുള്ളത്. പഴയ രീതിയില്‍ വീട്ടുസാമഗ്രികളടക്കം കരസ്ഥപ്പെടുത്തിക്കൊണ്ടുള്ള ജപ്തിയ്ക്ക് എതിരെ വന്‍ പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് വില്ലേജ് ഓഫീസ് രേഖകളില്‍ മാറ്റം വരുത്തി വീടും ഈടായി കൊടുത്ത സ്ഥലവും കൈവശപ്പെടുത്താന്‍ ലക്ഷ്യമാക്കുന്നതാണ് ജപ്തി നോട്ടീസ്. ഇപ്പോള്‍ നോട്ടീസ് ലഭിച്ചിട്ടുള്ള എഴുനൂറോളം പേരും രണ്ട് ലക്ഷം രൂപയില്‍ താഴെ മാത്രം വായ്പയെടുത്തിട്ടുള്ളവരാണ്.
1997 മുതല്‍ വായ്പയെടുത്തവരാണ് നോട്ടീസ് ലഭിച്ചവരില്‍ മഹാഭൂരിപക്ഷവും. മുതലും പലിശയും പിഴപലിശയും മുടക്ക പലിശയും നോട്ടീസ് ചാര്‍ജുമൊക്കെ ഉള്‍പ്പെടുത്തി യഥാര്‍ഥ വായ്പാ സംഖ്യയുടെ എട്ട് ഇരട്ടിവരെ തുകയ്ക്കുള്ള ജപ്തി നോട്ടീസുകളാണ് പലര്‍ക്കും ലഭിച്ചിട്ടുള്ളത്. വായ്പയിലേക്ക് തിരിച്ചടവ് നടത്തിയതിന്റെ യഥാര്‍ഥ കണക്കുകള്‍ പോലും ഹൗസിംഗ് ബോര്‍ഡില്‍ ഇല്ലെന്നാണ് നോട്ടീസുകളില്‍ നിന്ന് മനസിലാവുന്നത്. വായ്പയിലേക്ക് തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ രസീതി സഹിതം ബോര്‍ഡ് ഓഫീസിലെത്തി കണക്കുകള്‍ കൃത്യത വരുത്തണമെന്ന് നേരത്തെ പലര്‍ക്കും നോട്ടീസ് ലഭിച്ചിരുന്നു. വായ്പക്കാരുടെ പക്കലുള്ള രസീതി പ്രകാരം പല വായ്പകളിലും വരവുണ്ടായിട്ടില്ല. ഓഫീസിലെ ക്രമക്കേടുകളാണ് ഇതിന് കാരണമെന്നും സംശയിക്കുന്നു.
യഥാര്‍ഥ മുതലിന്റെ ഇരട്ടിയില്‍ അധികരിച്ചുള്ള പലിശ വാങ്ങാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് സര്‍ക്കാര്‍ സ്ഥാപനമായ ഹൗസിംഗ് ബോര്‍ഡ് എട്ടും പത്തും ഇരട്ടി തുക വസൂലാക്കാന്‍ ശ്രമിക്കുന്നത്. വായ്പക്കാരില്‍ മഹാഭൂരിപക്ഷവും കോടതിയെ സമീപിച്ച് നീതി ഉറപ്പാക്കാന്‍ സാമ്പത്തിക ശേഷിയുള്ളവരല്ല. അതിനാല്‍ നോട്ടീസ് ലഭിച്ചവരാകെ വേവലാതിപ്പെട്ട് പരക്കം പായുകയാണ്. പല കുടുംബങ്ങളുടെയും ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന കുടിലുകളില്‍ മനസമാധനത്തോടെ കഴിഞ്ഞിരുന്നവര്‍ വീട് മോഹിച്ച് ഹൗസിംഗ് ബോര്‍ഡില്‍ നിന്ന് കടം വാങ്ങി കുടുങ്ങിയിരിക്കുകയാണ്. വീടും അതിരിക്കുന്ന സ്ഥലവും വിറ്റാല്‍ പോലും ബാധ്യതയില്‍ നിന്ന് ഒഴിവാകാന്‍ പലര്‍ക്കും കഴിയില്ല. വയനാടന്‍ ഗ്രാമങ്ങളില്‍ ഭൂമിയുടെ ക്രയവിക്രയം ഏറെക്കുറെ നിലച്ചിരിക്കുകയാണ്. അതിനാല്‍ വീട് ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം വില്‍ക്കാമെന്ന് കരുതിയാല്‍ പോലും പെട്ടെന്ന് നടക്കില്ല. അതായത് ജില്ലയില്‍ എഴുനൂറോളം പേര്‍ക്ക് കിടപ്പാടവും കൂരവെയ്ക്കാന്‍ പോലും ഭൂമിയും ഇല്ലാത്ത അവസ്ഥയിലേക്ക് സര്‍ക്കാര്‍ സ്ഥാപനം തന്നെ തള്ളിവിടുന്നുവെന്നതാണ് വൈരുധ്യം. പൂതാടി പഞ്ചായത്തിലെ ഇരുളത്തുള്ളൊരു വായ്പക്കാരന്‍ 1997ല്‍ രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ പരിശോധനാ ഫീസും മറ്റും കിഴിച്ച് ഒന്നേമുക്കാല്‍ ലക്ഷം രൂപ മാത്രമാണ് നാല് ഗഡുക്കളായി കൈയില്‍ കിട്ടിയിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിയുണ്ടായ 2003 വരെ ഒരുലക്ഷത്തി പതിനാലായിരം രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വായ്പക്കാരന് ലഭിച്ചിട്ടുള്ള നോട്ടീസ് പത്ത്‌ലക്ഷത്തി പതിനാലായിരം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ്. ബ്ലേഡ് പലിശക്കാരേക്കാള്‍ ക്രൂരമാണ് ഹൗസിംഗ് ബോര്‍ഡിന്റെ കണക്കെന്ന് വിവരം അറിയുന്നവരെല്ലാം പറയുന്നു. അമ്പലവയലിലെ ഒരു വായ്പക്കാരന് ഒരുലക്ഷത്തി ഇരുപതിനായിരം രൂപയുടെ വായ്പയ്ക്ക് എട്ട് ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് നോട്ടീസ്. വൈത്തിരിയിലെ ഒരു വായ്പക്കാരന്‍ 80,000 രൂപ എടുത്തതിന് നാലര ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇതേപോലെയാണ് എഴുനൂറോളം പേര്‍ക്കും ലഭിച്ചിട്ടുള്ള നോട്ടീസുകളിലെ തുക.
മാര്‍ച്ച് 31 വരെ ഹൗസിങ് ബോര്‍ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുണ്ട്. ഇതനുസരിച്ച് പിഴപലിശയും പലിശയില്‍ പകുതിയും മുടക്ക പലിശയും ഒഴിവാക്കി കൊടുക്കും. കിഴിവുകള്‍ കഴിച്ചാലും യഥാര്‍ഥ വായ്പാ തുകയുടെ നാലിരട്ടി വരെ അടയ്ക്കാനുണ്ടെന്നാണ് ഹൗസിംഗ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന കണക്ക്. ഹൗസിംഗ് ബോര്‍ഡില്‍ നിന്ന് മുന്‍പ് ജപ്തി നോട്ടീസ് ലഭിച്ച അഞ്ചോളം പേര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഹൗസിംഗ് ബോര്‍ഡ് അധികൃതര്‍ കൊടുത്തിട്ടുള്ള നോട്ടീസുകള്‍ വലിയ സാമൂഹിക പ്രത്യാഘാതം ജില്ലയില്‍ സൃഷ്ടിക്കുമെന്ന് കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു. ഭൂമിയും വീടും വിറ്റാല്‍ പോലും ലഭിക്കാത്തത്ര തുകയ്ക്കുള്ള നോട്ടീസുകള്‍ അയയ്ക്കുന്നതിന് പകരം യഥാര്‍ഥ മുതല്‍ മാത്രം വാങ്ങിക്കൊണ്ട് വായ്പക്കാരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്ന ആവശ്യമാണ് പൊതുവില്‍ ഉയരുന്നത്.

Latest