Connect with us

Kozhikode

ഫേസ്ബുക്കിലൂടെ വശീകരിച്ച് കഞ്ചാവ് വില്‍പ്പന: ഒരാള്‍ പിടിയില്‍

Published

|

Last Updated

താമരശ്ശേരി: ഫേസ്ബുക്കിലൂടെ വിദ്യാര്‍ഥികളെയും യുവാക്കളെയും വശീകരിച്ച് കഞ്ചാവിന് അടിമയാക്കുന്ന യുവാവിനെ താമരശ്ശേരിയില്‍ എക്‌സൈസ് ഷാഡോ സംഘം പിടികൂടി. കോളിക്കല്‍ ആര്യംകുളം വി കെ ഹാഷിദി(21) നെയാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ സഹദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വില്‍പ്പനക്കായി സൂക്ഷിച്ച 25 പൊതി കഞ്ചാവും ബൈക്കും കസ്റ്റഡിയിലെടുത്തു.
കഞ്ചാവിന് അടിമകളായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഹാഷിദിനെ പോലീസ് നിരീക്ഷിച്ചു തുടങ്ങിയത്. കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള പുതിയ രീതികള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയാണ് ഇയാളുടെ പതിവ്. സംഗീതജ്ഞനായ ബോബ് മാര്‍ലിയുടെ കടുത്ത ആരാധകരനായ ഹാഷിദിന്റെ ഫേസ് ബുക്കില്‍ ബോബ് മാര്‍ലി വിവിധ രൂപത്തില്‍ പുകവലിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതുമായ ഫോട്ടോകളാണ് പ്രധാനമായും അപ് ലോഡ് ചെയ്തിരിക്കുന്നത്. കഞ്ചാവിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കാനും കൂടുതല്‍പേരെ എളുപ്പത്തില്‍ കഞ്ചാവിന് അടിമകളാക്കാനുമായി വിവിധ രീതികളാണ് ഫേസ് ബുക്കിലൂടെ ഇയാള്‍ പ്രചരിപ്പിക്കുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രത്യേകതരം പേപ്പറില്‍ കഞ്ചാവ് വിദഗ്ദമായി ഒട്ടിച്ച് സിഗരറ്റിന്റെ രൂപത്തിലാക്കി ആപ്പിളിനുള്ളില്‍ വെച്ച് വലിക്കുന്നതാണ് പുതിയ രീതി.
എറണാകുളത്തുനിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്നാണ് പ്രതി എക്‌സൈസിന് മൊഴി നല്‍കിയത്. നേരത്തെ ബംഗളൂരുവിലായിരുന്ന പ്രതിക്ക് കര്‍ണാടകയിലും കണ്ണികളുണ്ടെന്നാണ് സൂചന.
ഹാഷിദിന്റെ കെണിയില്‍പെട്ട് കഞ്ചാവ് ഉപയോഗം തുടങ്ങിയ പത്തോളം പേരെ താമരശ്ശേരി എക്‌സൈസ് സംഘം കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരില്‍ കൂടുതലും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ്.

Latest