Connect with us

Kozhikode

ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് കഞ്ചാവുമായെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ അറസ്റ്റിലായ മൂന്ന് പേരില്‍ നിന്ന് ഒന്നര കിലോ കഞ്ചാവും നഗരത്തില്‍ മറ്റൊരിടത്ത് ഒളിപ്പിച്ചുവെച്ച നിലയില്‍ അരക്കിലോ കഞ്ചാവും കണ്ടെടുത്തു.
പയ്യാനക്കല്‍ സ്വദേശി ഫിറോസ്, മാറാട് സ്വദേശികളായ സുജീഷ്, ദേവന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ ഫിറോസ് നഗരത്തിലെ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനാണ്. ഇയാളില്‍ നിന്ന് 1.200 കിലോഗ്രാം കഞ്ചാവും സുജീഷ്, ദേവന്‍ എന്നിവരില്‍ നിന്നായി 200 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.
തേനിയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പറഞ്ഞു. ഇവിടെ എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പന നടത്തുന്നത്. 25 ഗ്രാമിന് 100 രൂപയും 50 ഗ്രാമിന്റെ പാക്കറ്റിന് 200 രൂപയുമാണ് ഈടാക്കുന്നത്. വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കളെന്ന് എക്‌സൈസ് പറഞ്ഞു.
കല്ലായിയിലെ യു കെ സോമില്‍ പരിസരത്ത് നിന്നാണ് ബാഗില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ അരകിലോ കഞ്ചാവ് കണ്ടെത്തിയത്. ചെറിയ പാക്കറ്റുകളാക്കിയായിരുന്നു കഞ്ചാവ് ബാഗില്‍ വെച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ പന്നിയങ്കര പോലീസെത്തിയാണ് ഇത് കസ്റ്റഡിയില്‍ എടുത്തത്. കഞ്ചാവ് കണ്ടെത്തിയ പരിസരങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളം താമസിക്കുന്നുണ്ട്. ഇവരിലാരെങ്കിലും കൊണ്ടുവന്നതാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ വടകര എന്‍ ഡി പി എസ് കോടതിയിലും കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരാക്കും.
എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ നാര്‍ക്കോട്ടിക് സ്‌ക്വാഡ് സി ഐ സി ദിവാകരന്‍, ഇന്‍സ്പക്ടര്‍മാരായ പി മുരളീധരന്‍, എ പ്രജിത്ത്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സതീശന്‍, പ്രിവന്റീവ് ഓഫീസര്‍ നിഖില്‍കുമാര്‍, ഒ ബി ഗണേശ്, പ്രദീപ്ചന്ദ്രന്‍, സിവില്‍ ഓഫീസര്‍ രാമകൃഷ്ണന്‍ പങ്കെടുത്തു.

Latest