Connect with us

Kozhikode

ചുരം വ്യൂ പോയിന്റിലെ വ്യാപാരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

Published

|

Last Updated

താമരശ്ശേരി: ചുരം വ്യൂ പോയിന്റിലെ വ്യാപാരം പുനസ്ഥാപിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് സമരത്തെ എതിര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസിനെ എതിര്‍ത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയത്. അടിവാരം, മുപ്പതേക്ര, വള്ളിയാട് പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മലിനപ്പെടുമെന്നതിനാല്‍ വ്യൂ പോയിന്റിലെ വ്യാപാരം പുനഃസ്ഥാപിക്കേണ്ടെന്ന് അധികൃതരോട് ആവശ്യപ്പെടാന്‍ പുതുപ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോഗം തീരുമാനിച്ചതായി പ്രസിഡന്റ് മേലേടത്ത് അബ്ദുര്‍റഹിമാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന അഞ്ചാം വാര്‍ഡിലെ ബൂത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കാതെയാണ് മണ്ഡലം കമ്മിറ്റി ചേര്‍ന്നതെന്നും ഇതിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യക്കാരാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. ചുരം വ്യൂ പോയിന്റില്‍ നിന്നും ഒന്നരവര്‍ഷം മുമ്പ് വനംവകുപ്പ് നീക്കം ചെയ്ത വ്യാപാരം കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുനഃസ്ഥാപിച്ചത്. ഡി എഫ് ഒയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. യൂത്ത്‌കോണ്‍ഗ്രസ് ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയതോടെ ഗ്രൂപ്പ്‌പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

Latest