നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ചു; കര്‍ഷകര്‍ ദുരിതത്തില്‍

Posted on: March 11, 2015 11:08 am | Last updated: March 11, 2015 at 11:08 am
SHARE

മുക്കം: കാറ്റിലും മഴയിലും പ്രകൃതിക്ഷോഭങ്ങളിലും കൃഷി നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന നഷ്ടപരിഹാര തുക വെട്ടിക്കുറച്ചത് ദുരിതമാകുന്നു. നേരത്തെ ലഭിച്ചിരുന്നതില്‍ നിന്നും വലിയ തോതിലാണ് തുക വെട്ടിക്കുറച്ചത്.
നേരത്തെ നൂറ് രൂപ ലഭിച്ചിരുന്ന വാഴക്ക് ഇപ്പോള്‍ മൂന്ന് രൂപ 60 പൈസയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഇത് വാഴ വലിച്ച് കെട്ടാന്‍ ഉപയോഗിക്കുന്ന കയറിന് പോലും തികയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു വാഴക്ക് ശരാശരി 300 രൂപയെങ്കിലും ചെലവ് വരും. ഇതിന്റെ നാമമാത്രമാണിപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമെന്ന പേരില്‍ നല്‍കുന്നത്.
ഇതിനായി ഫോട്ടോ ഗ്രാഫര്‍മാരെ കൊണ്ടുവന്ന് ഫോട്ടോ എടുത്ത് കൃഷി ഭവനില്‍ ഹാജരാക്കുകയും വേണം. ഇതിന് പുറമെ കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷമായി കര്‍ഷകര്‍ക്ക് നശിച്ച കൃഷിയുടെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. തുക വെട്ടിക്കുറച്ചതിന് പിന്നിലെ തുച്ഛമായ തുകയാണെങ്കിലും അത് ലഭിക്കാനെങ്കിലും നടപടി വേണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം വേനല്‍ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ മലയോര മേഖലയില്‍ നിരവധി കര്‍ഷകരുടെ കൃഷി നശിച്ചു. കാരശ്ശേരി പഞ്ചായത്തിലാണ് വേനല്‍ മഴയും കാറ്റും കനത്ത നാശം വിതച്ചത്. പത്തോളം കര്‍ഷകരുടെ പതിനായിരത്തിലധികം വാഴകള്‍ കാറ്റില്‍ നിലംപൊത്തി.